സംസ്ഥാനത്ത് ആകാശത്തുനിന്നും റോഡിലെ നിരീക്ഷണം ശക്തമാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രോണിൽ എഐ ക്യാമറകൾ ഘടിപ്പിച്ച് നിയമലംഘകരെ പിടികൂടാനും അപകടങ്ങൾ ഇല്ലാതാക്കാനുമാണ് നീക്കം. സംസ്ഥാനത്ത് നിലവിൽ 700 ഓളം എ ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെ കബളിപ്പിച്ചുള്ള നിയമലംഘനങ്ങൾ കൂടുതലായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗതാഗത വകുപ്പിന്‍റെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.
റോഡിലെ ഗതാഗത നിയമലംഘനങ്ങൾ തടയാനായി മൂന്നു മാസം മുമ്പാണ് സര്‍ക്കാര്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചത്. ഇപ്പോള്‍ ആകാശത്തും ക്യാമറക്കണ്ണുകൾ ഉണ്ടാകും എന്നത് ഉള്‍പ്പെടെ കൂടുതൽ പരിഷ്‍കാരങ്ങളിലേക്ക് ഗതാഗത വകുപ്പ് കടക്കുന്ന കാര്യം ട്രാൻസ്പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത് ഐ പി എസ് തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം മുതൽ ഡ്രോണിൽ എ ഐ ക്യാമറ പിടിപ്പിക്കാനുള്ള നീക്കത്തിലാണ് ഗതാഗത വകുപ്പെന്നാണ് ശ്രീജിത്ത് ഐപിഎസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇക്കാര്യത്തിൽ സർക്കാരിന് പ്രെപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാരിന്‍റെ അംഗീകാരം ലഭിച്ചാൽ പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുമെന്നും എസ് ശ്രീജിത്ത് ഐ പി എസ് വ്യക്തമാക്കുന്നു. നിലവിലെ എഐ ക്യാമറകളെ കബളിപ്പിച്ചും നിയമ ലംഘനം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ നീക്കമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ പറയുന്നു.