ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ; ദേശീയപതാക വീശി ആഹ്ലാദം പങ്കിട്ട് പ്രധാനമന്ത്രി

National

ദില്ലി: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം ചേർന്ന പ്രധാനമന്ത്രി, വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശിയാണ് ആഘോഷമാക്കിയത്. ചരിത്ര നിമിഷത്തിൽ ‘ഇന്ത്യ ഈസ് ഓൺ ദ മൂൺ’ എന്ന് പറഞ്ഞ ഐഎസ്ആർഒ ചെയർമാൻ, രാജ്യത്തെയും ഞങ്ങളെയും അഭസംബോധന ചെയ്യാൻ മോദിയെ ക്ഷണിക്കുകയായിരുന്നു

ഓഗസ്റ്റ് 23 വൈകുന്നേരം ആറേ കാലോടെയാണ് രാജ്യം ചരിത്രം കുറിച്ചത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്.

ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *