ചന്ദ്രന്റെ കൂടുതൽ മിഴിവാർന്ന ദൃശ്യങ്ങളുമായി ചന്ദ്രയാൻ 3; ലാൻഡറി‍ന്റെ പ്രവർത്തനം മികച്ച നിലയിൽ

Kerala

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. 70 കിലോമീറ്റർ ദൂരത്തിൽ നിന്നാണ് ചന്ദ്രന്റെ മിഴിവാർന്ന ദൃശ്യങ്ങള്‍ ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ (എൽപിഡിസി) ക്യാമറ പകർത്തിയത്. പേടകം ഇറക്കുന്നതിന് പാറകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാത്ത സുരക്ഷിതമായ പ്രദേശം കണ്ടെത്തുന്നതിനു വേണ്ടി വികസിപ്പിച്ച കാമറയാണ് എൽപിഡിസി. ദൃശ്യങ്ങൾ പകർത്തിയത് ശനിയാഴ്ചയാണെന്ന് ഐഎസ്ആർഒ അറിയിച്ചു.

ചന്ദ്രയാൻ 3 ലാൻഡറി‍ന്റെ പ്രവർത്തനം മികച്ച നിലയിലാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ലാൻഡർ തടസങ്ങളില്ലാതെ മുന്നോട്ട് നീങ്ങുകയാണ്. ലാൻഡർ നിലവിൽ ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ കുറഞ്ഞ ദൂരത്തിലെത്തിയതായും ഐഎസ്ആർഒ വക്താക്കൾ അറിയിച്ചു.

നാളെ വൈകിട്ട് 6.04ന് ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ്. ഈ ദൃശ്യങ്ങൾ ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ടെലിവിഷനിലൂടെയും തത്സമയം കാണാൻ കഴിയും. ഇന്‍റർനെറ്റ് കണക്ഷനുളള സ്മാർട്ട്ഫോണുകളിലൂടെയും കംപ്യൂട്ടറുകളിലൂടെയും ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ് ലൈവായി കാണാം. ഓഗസ്റ്റ് 23ന് വൈകീട്ട് 5.27ന് ലൈവ് സ്ട്രീമിംഗ് ആരംഭിക്കും. ഡിഡി നാഷണൽ ചാനലിലൂടെ സോഫ്റ്റ് ലാൻഡിങ് സൗജന്യമായി കാണാനുള്ള അവസരവും ഐഎസ്ആർഒ ഒരുക്കിയിട്ടുണ്ട്.

ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 പേടകത്തിലെ ലാൻഡർ മൊഡ്യൂൾ ഓഗസ്റ്റ് 17നാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ട് സ്വതന്ത്ര സഞ്ചാരം തുടങ്ങിയത്. ഡീബൂസ്റ്റിങ്ങിന് പിന്നാലെ പേടകത്തെ പൂർണ നിയന്ത്രണത്തിലാക്കി സോഫ്റ്റ് ലാൻഡിങ്ങിനായി സജ്ജമാക്കാൻ തയ്യാറെടുത്തിരിക്കുകയാണ് ഐഎസ്ആർഒ

Leave a Reply

Your email address will not be published. Required fields are marked *