ലോഡ് ഷെഡിങ് ഉണ്ടാകില്ല; കൂടുതൽ വൈദ്യുതി വാങ്ങാൻ നടപടി

Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി കുറവ് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനം. ലോഡ് ഷെഡിങ് ഒഴിവാക്കി കൂടുതൽ വൈദ്യുതി വാങ്ങാനാണ് തീരുമാനം. ഹ്രസ്വകാല കരാറിൽ 200 മെ​ഗാവാട്ട് വൈദ്യുതി വാങ്ങാൻ ബോർഡ് അടിയന്തിര ടെൻഡർ വിളിച്ചു. അടുത്ത മഴക്കാലത്ത് തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലായിരിക്കും വൈദ്യുതി വാങ്ങുക. 500 മെ​ഗാവാട്ട് വൈദ്യുതിക്കുളള ടെൻഡർ ഇന്ന് വിളിക്കും.

ചട്ടം ലംഘിച്ചതിന് കരാർ റദ്ദാക്കിയ കരാറുകാരിൽ നിന്നും ഡിസംബർ 31 വരെ വൈദ്യുതി വാങ്ങാൻ റെ​ഗുലേറ്ററി കമ്മീഷനും അനുമതി നൽകിയിട്ടുണ്ട്. മഴക്കാലത്ത് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ വേനൽക്കാലത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാറുണ്ട്. കൈമാറ്റക്കരാർ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തവണ മഴക്കാലമാണെങ്കിലും വൈദ്യുതി കുറവ് അനുഭവപ്പെടുന്നതിനാലാണ് പുറത്തുനിന്ന് വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്ന വൈദ്യുതിക്ക് പണം നൽകേണ്ടതില്ല. തിരിച്ചു നൽകുമ്പോൾ നിശ്ചിത ശതമാനം വൈദ്യുതി അധികം നൽകണം. ഇത്തരം കരാറുകൾ നടന്നില്ലെങ്കിൽ മാത്രമാണ് പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങുക.

മന്ത്രി കെ കൃഷ്ണൻകുട്ടി വിളിച്ച് അവലോകന യോ​ഗത്തിലാണ് പവർ‌ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കി ചെലവുകുറഞ്ഞ മാർ​ഗങ്ങൾ സ്വീകരിക്കാൻ തീരുമാനമായത്. നേരത്തെ മുൻകൂർ പണം നൽകി വൈദ്യുതി വാങ്ങിയത് ബോർഡിന് വലിയ ബാധ്യത ഉണ്ടാക്കിയിരുന്നു. ദിവസേന ആയിരം മെ​ഗാവാട്ടിന്റെ കുറവ് വരെയാണ് ഇപ്പോൾ നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *