കല്‍പ്പറ്റ : കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി വെങ്ങപ്പള്ളി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ നടക്കുന്ന കെടുകാര്യസ്ഥതക്കെതിരെ യു.ഡി.എഫ്. കമ്മിറ്റി ആഗസ്റ്റ് 23ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
2020-21, 2021-22, 2022-23 വര്‍ഷങ്ങളില്‍ പഞ്ചായത്തില്‍ മെറ്റീരിയല്‍ കോസ്റ്റ് ഇനത്തില്‍ ലഭിച്ച കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടുപോയത്. 2020-21ല്‍ 1,38,66000 രൂപയും 2021-22 വര്‍ഷത്തില്‍ 1,33,90400 രൂപയും 2022-23 വര്‍ഷത്തില്‍ 1,78,36400 രൂപയും ഇത്തരത്തില്‍ സമയബന്ധിതമായി ടെണ്ടര്‍ നടപടികളോ പദ്ധതി നിര്‍വ്വഹണമോ പൂര്‍ത്തിയാക്കാത്തതിനാല്‍ പഞ്ചായത്തിന് നഷ്ടമായി. ഇത് ഏകദേശം നാല് കോടി രൂപക്ക് മുകളില്‍ വരും.
പുതിയ ഭരണ സമിതി അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ തന്നെ മൂന്ന് എഞ്ചിനീയര്‍മാര്‍ പഞ്ചായത്തില്‍ സേവനമനുഷ്ഠിക്കേണ്ടിവന്നു. ഇത് ഭരണ സമിതിയുടെ തെറ്റായ നയങ്ങള്‍ക്ക് ചേര്‍ന്നു നില്ക്കാന് ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതിനാലാണ്.
വയനാട് ജില്ലയിലെ തൊഴിലുറപ്പ് പദ്ധതി വിഭാഗം തയ്യാറാക്കിയ പഞ്ചായത്തുകളുടെ തൊഴിലുറപ്പ് പെര്‍ഫോമന്‍സ് ലിസ്റ്റില്‍ വെങ്ങപ്പള്ളി പഞ്ചായത്ത് ഏറ്റവും താഴ്ന്ന റെഡ് കാറ്റഗറിയിലാണ്. ഇത് സൂചിപ്പിക്കുന്നത് തുടര്‍ന്ന് അങ്ങോട്ട് ഫണ്ട് ലഭ്യത പോലും അവതാളത്തിലാകുന്ന സ്ഥിതി വിശേഷം നിലനില്ക്കുന്നു.
തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമ്പോള്‍ യോഗ്യതക്ക് പകരം സി.പി.എം. സഹയാത്രികരാണോ എന്നത് മാത്രമാണ് പരിഗണന.
2019ല്‍ തൊഴിലുറപ്പ് തൊഴിലെടുത്ത സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലും മറ്റും സ്ഥാപിക്കേണ്ട സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ ഇന്നും വെങ്ങപ്പള്ളി പഞ്ചായത്തിന്റെ മുറ്റത്ത് സ്ഥാപിക്കാന്‍ കഴിയാതെ കിടക്കുകയാണ്.
അനര്‍ഹരായ സി.പി.എം. നേതാക്കള്‍ക്ക് കിണര്‍, തൊഴുത്ത് എന്നിവ നല്‍കിയതാണ് ആദ്യത്തെ എഞ്ചിനീയറുടെയും പ്രാദേശിക ഡി.വൈ.എഫ്.ഐ. നേതാവായ ഓവര്‍സിയറുടെയും കസേര തെറിക്കാന്‍ കാരണം. ഓംബുഡ്സ്മാന് മുതല്‍ സംസ്ഥാനത്തെയും ജില്ലയിലെയും തൊഴിലുറപ്പ് പദ്ധതിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഈ ഭരണ സമിതിയുടെ കാലത്ത് പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങുന്നത് പതിവ് കാഴ്ചയായി മാറി.
ഒരു നാടിന്റെ സമഗ്ര പുരോഗതിക്ക് കാരണമാകേണ്ട തൊഴിലുറപ്പ് പദ്ധതി തോട്ടം കിളക്കാനും തോട് വൃത്തിയാക്കാനുമായി ഇന്നും ഇഴഞ്ഞ് നീങ്ങുകയാണ്. മേല്‍കാര്യങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി പഞ്ചായത്ത് എം.എന്‍.ആര്.ഇ.ജി.ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തില്‍ വെങ്ങപ്പള്ളി പഞ്ചായത്ത് യു.ഡി.എഫ്. ചെയര്മാന് ഉസ്്മാന്‍ പഞ്ചാര, കണ്‍വീനര്‍ രാജന് മാസ്റ്റര്‍, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തംഗം ജാസര്‍ പാലക്കല്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി വേണുഗോപാല്‍ കിഴിശ്ശേരി എന്നിവര്‍ പങ്കെടുത്തു.