ദില്ലി: മണിപ്പൂർ കലാപത്തിൽ ഏഴ് വയസ്സുകാരനെ അമ്മക്കും ബന്ധുവിനുമൊപ്പം ആംബുലൻസിലിട്ട് ചുട്ടുകൊന്ന കേസ് സിബിഐക്ക് കൈമാറി. ഈ കേസടക്കം 20 കലാപ കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. വെസ്റ്റ് ഇംഫാലിൽ ജൂൺ നാലിലാണ് സംഭവം ഉണ്ടായത്. വെടിയേറ്റ കുട്ടിയുമായി അമ്മയും ബന്ധുവും ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ കലാപകാരികൾ ആക്രമിക്കുകയായിരുന്നു. പൊലീസ് നോക്കി നിൽക്കേയാണ് കലാപകാരികൾ ആക്രമണം നടത്തിയത്.
മണിപ്പൂർ കലാപം അന്വേഷിക്കുന്ന സംഘം സിബിഐ വിപുലീകരിച്ചിരുന്നു. മുപ്പത് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിനാണ് സിബിഐ നേരത്തെ രൂപം നല്‍കിയത്. ഇതിലേക്ക് മുപ്പത് പുതിയ ഉദ്യോഗസ്ഥരെ കൂടിയാണ് ഉൾപ്പെടുത്തിയത്. സംഘത്തിൽ സിബിഐ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും ഉൾപ്പെടും. എം.വേണുഗോപാൽ, ജി പ്രസാദ് എന്നിവരാണ് മലയാളി ഉദ്യോഗസ്ഥർ.
രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തത് ഉള്‍പ്പടെ 11 കേസുകളുടെ അന്വേഷണമാണ് സിബിഐ നടത്തുന്നത്. സുപ്രീംകോടതിയും അന്വേഷണം നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കുന്നത്.