അടിച്ച് ഫിറ്റായി നെയില്‍ കട്ടര്‍ വിഴുങ്ങി, 8 വർഷത്തിന് ശേഷം വയറുവേദന, ശസ്ത്രക്രിയ

Kerala

സര്‍ജപൂര്‍: മദ്യപിച്ച് ഫിറ്റായി വിഴുങ്ങിയ നെയില്‍ കട്ടര്‍ എട്ട് വര്‍ഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മണിപ്പാല്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് യുവാവിന്‍റെ വയറ്റില്‍ നിന്ന് നെയില്‍ കട്ടര്‍ പുറത്തെടുത്തത്. വെള്ളിയാഴ്ചയാണ് ലാപ്രോസ്കോപി ശസ്ത്രക്രിയ നടന്നത്. 40 വയസുകാരനാണ് എട്ട് വര്‍ഷം മുന്‍പ് മദ്യ ലഹരിയില്‍ നെയില്‍ കട്ടര്‍ വിഴുങ്ങിയത്.

ഇത്രകാലമായി ഇതുമൂലം മറ്റ് ബുദ്ധിമുട്ട് അനുഭവപ്പെടാതിരുന്ന യുവാവിന് അടുത്തിടെയാണ് വയറുവേദന രൂക്ഷമായത്. ഇതോടെയാണ് ആശുപത്രിയില്‍ ചികിത്സാ സഹായം തേടിയെത്തിയത്. സര്‍ജാപൂരിലെ ഒരു ക്ലിനിക്കിലെത്തിയപ്പോഴാണ് വയറിനുളളില്‍ ലോഹ വസ്തുവുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ യുവാവിനെ മണിപാല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്.

സമാനമായ മറ്റൊരു സംഭവത്തില്‍ വയറിനകത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയക്കിടെ സർജിക്കൽ ക്ലിപ്പ് 14കാരന്റെ വയറിനുള്ളിൽ കുടുങ്ങി. തൃശ്ശൂർ ദയ ആശുപത്രിയിലെ ശസ്ത്രക്രിയയേക്കുറിച്ചാണ് പരാതി ഉയര്‍ന്നത്.

ക്ലിപ്പ് കുടുങ്ങിയതിനെ തുടർന്ന് വയറിനകത്ത് പഴുപ്പ് ബാധിച്ചതോടെ കുട്ടിയെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി. ഇതിൽ സർജിക്കൽ ക്ലിപ്പ് പുറത്തെടുത്തു. സംഭവത്തിൽ രോഗിയായ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

നേരത്തെ ഉത്തര്‍ പ്രദേശില്‍ ഏഴ് മാസം പ്രായമുള്ള ആണ്‍ കുട്ടിയുടെ ശരീരത്തില്‍ നിന്ന് രണ്ട് കിലോഗ്രാം ഭാരമുള്ള ഭ്രൂണം പുറത്തെടുത്തിരുന്നു. വയര്‍ വേദനയ്ക്ക് ചികിത്സ തേടിയ കുട്ടിയുടെ വയറിനുള്ളിലാണ് ഭ്രൂണം വളരുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ഭ്രൂണം പുറത്തെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *