സ്കൂട്ടർ മോഷ്ടിച്ച് കള്ളന്മാർ കടന്നു; ഹെൽമെറ്റില്ലാത്ത യാത്ര എഐ കാമറയിൽ; വാഹന ഉടമയ്ക്ക് പിഴ അടയ്ക്കാൻ നോട്ടീസ്

Kerala

തൊടുപുഴ: മോഷ്ടിച്ചുകൊണ്ടുപോയ സ്കൂട്ടറിൽ ഹെൽമെറ്റില്ലാതെ യുവാവ് യാത്ര ചെയ്തതിന് വാഹന ഉടമയ്ക്ക് പിഴ നോട്ടീസ്. കോട്ടയം സ്വദേശി ജോസ് കുരുവിളക്കാണ് ട്രാഫിക് നിയമലംഘനം ചൂണ്ടിക്കാട്ടി പിഴ അടയ്ക്കാൻ നോട്ടീസ് കിട്ടിയത്. ഓഗസ്റ്റ് അഞ്ചിനാണ്, സെക്യൂരിറ്റി ജീവനക്കാരനായ ജോസ് കുരുവിളയുടെ സ്കൂട്ടറും മൊബൈൽ ഫോണും വെങ്ങല്ലൂർ ഷാപ്പുംപടിയിലെ വാടകവീട്ടിൽ നിന്ന് മോഷണം പോകുന്നത്.

സ്കൂട്ടർ മോഷ്ടിച്ച പ്രതികളെ ഓഗസ്റ്റ് ആറിന് ഓച്ചിറയിൽനിന്ന്‌ തൊടുപുഴ പൊലീസ് പിടികൂടി. ജോസ് ജോലിചെയ്യുന്ന സെക്യൂരിറ്റി ഏജൻസിയിലുള്ള പത്തനംതിട്ട പ്രമാടം സ്വദേശി ശരത്ത് എസ് നായർ (35), പെരിങ്ങര കിഴക്കേതിൽ അജീഷ് (37) എന്നിവരാണ് പിടിയിലായത്. സ്കൂട്ടറും കണ്ടെടുത്തു.

ഇതിനുപിന്നാലെയാണ്, നിയമലംഘനത്തിന് പിഴയടയ്ക്കണമെന്ന് കാണിച്ച് ജോസിന് നോട്ടീസുകൾ ലഭിച്ചത്. സ്കൂട്ടറുമായി മോഷ്ടാക്കൾ ജില്ല കടന്നു പോയപ്പോൾ, പിറകിലിരുന്നയാൾ ഹെൽമെറ്റ് വെക്കാത്തതാണ് എ ഐ കാമറയിൽ പതിഞ്ഞത്. സ്കൂട്ടർ മോഷണം പോയതാണെന്ന് അറിയിച്ചപ്പോൾ, പിഴ ഒഴിവാക്കാൻ മോട്ടോർവാഹന വകുപ്പ് ഓഫീസുകളിൽ കേസിന്റെ എഫ്ഐആർ പകർപ്പ് നൽകാൻ നിർദേശിച്ചുവെന്ന് ജോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *