സിഡ്‌നി: ഫിഫ വനിതാ ലോകകപ്പില്‍ പുതിയൊരു ചാമ്പ്യനുണ്ടാകും. സ്‌പെയിനിനെ നേരിടാന്‍ ഫൈനലിലേക്ക് എത്തുന്നത് ഇംഗ്ലണ്ട്. രണ്ടാം സെമിയില്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് ഫൈനലുറപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.
ഇതാദ്യമായാണ് ഇംഗ്ലണ്ടും സ്‌പെയിനും വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. ഈ മാസം 20നാണ് കിരീട പോരാട്ടം. എല്ല ടൂണ്‍, ലൗറന്‍ ഹെംപ്, അലെസിയ റുസ്സോ എന്നിവരുടെ ഗോളുകളാണ് ഇംഗ്ലണ്ടിനു ജയം സമ്മാനിച്ചത്. ഓസ്‌ട്രേലിയയുടെ ആശ്വാസ ഗോള്‍ സാം കെര്‍ നേടി.
ഒരര്‍ഥത്തില്‍ ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ലോകകപ്പിനായുള്ള 57 വര്‍ഷത്തെ കാത്തിരിപ്പിനു വനിതകള്‍ വിരാമമിടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 1966ല്‍ ഇംഗ്ലണ്ടിന്റെ പുരുഷ ടീം ലോകകപ്പ് നേടിയ ശേഷം പിന്നീട് ഇന്നുവരെ അവര്‍ക്ക് ലോകകപ്പ് നേട്ടമില്ല. ഈ വിടവ് നികത്തുകയെന്ന ചരിത്ര നേട്ടത്തിന്റെ വക്കിലാണ് ഇംഗ്ലണ്ട് വനിതകള്‍.
1966ല്‍ ഇതിഹാസ താരം ബോബി മൂറാണ് പുരുഷ ലോകകപ്പ് കിരീടം ഉയര്‍ത്തിയത്. സമാന നേട്ടത്തിലേക്ക് ഒരു ജയം മാത്രമേ വേണ്ടു വനിതാ ക്യാപ്റ്റന്‍ മില്ലി ബ്രൈറ്റിനു. മൂറിനു ശേഷം ലോക കിരീടം ഉയര്‍ത്താന്‍ മില്ലിക്കു സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.