ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഈ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് പോരാട്ടം വിവാദത്തിലാണ് അവസാനിച്ചത്. മത്സരത്തില്‍ ഒറ്റ ഗോളിനു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വോള്‍വ്‌സിനെ പരാജയപ്പെടുത്തി.
എന്നാല്‍ മത്സരത്തില്‍ അവസാന ഘട്ടത്തില്‍ വോള്‍വ്‌സിനു അനുവദിച്ചു കിട്ടേണ്ട പെനാല്‍റ്റി നിഷേധിക്കപ്പെട്ടതാണ് വിവാദമായത്. പിന്നാലെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രീമിയര്‍ ലീഗ് അധികൃതര്‍. വോള്‍വ്‌സിനു പെനാല്‍റ്റി നിഷേധിച്ച സംഭവത്തില്‍ മത്സരം നിയന്ത്രിച്ച മൂന്ന് റഫറിമാരെ ഈയാഴ്ചയിലെ എല്ലാ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നു മാറ്റി നിര്‍ത്താന്‍ ലീഗ് അധികൃതര്‍ തീരുമാനിച്ചു.
റഫറിമാരായ സൈമണ്‍ ഹൂപ്പര്‍, മിഷേല്‍ സലിസ്ബറി, റിച്ചാര്‍ഡ് വെസ്റ്റ് എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവത്തില്‍ പരാതിയുമായി വോള്‍വ്‌സ് രംഗത്തെത്തിയതിനു പിന്നാലെയാണ് നടപടി.
മത്സരത്തില്‍ വോള്‍വ്‌സ് തോല്‍വിയിലേക്ക് നീങ്ങവെയാണ് സംഭവങ്ങള്‍. വോള്‍വ്‌സ് സ്‌ട്രൈക്കര്‍ സസ കലജസിക്ക് ഉയര്‍ന്നു വന്ന പന്ത് ഹെഡ്ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍ കീപ്പര്‍ ആന്ദ്രെ ഒനാന ഉയര്‍ന്നു ചാടി. അതിനിടെ പന്ത് കലജസിക് ഹെഡ്ഡ് ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് ഒനാന ഉയര്‍ന്നു പൊന്തിയത്. താരത്തിന് പന്ത് ടച്ച് ചെയ്യാന്‍ സാധിച്ചില്ല. അതിനിടെ ഒനാനയുമായി കൂട്ടിയിടിച്ച് കലജസിക് ബോക്‌സില്‍ വീണു.
ഫീല്‍ഡ് റഫറിയായി മത്സരം നിയന്ത്രിച്ചത് സൈമണ്‍ ഹൂപ്പറായിരുന്നു. ഇത്രയും വലിയൊരു ഫൗള്‍ സംഭവിച്ചിട്ടും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. മിഷേല്‍ സലിസ്ബറി, റിച്ചാര്‍ഡ് വെസ്റ്റ് എന്നിവര്‍ വീഡിയോ അസിസ്റ്റന്റ് (വാര്‍) റഫറിമായിരുന്ന ഇരുവരും പുനഃപരിശോധിക്കാന്‍ തയ്യാറായതുമില്ല. പിന്നാലെ മത്സരം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേരിയ വ്യത്യാസത്തില്‍ വിജയം പിടിച്ചു.