സിഡ്‌നി: സ്വീഡനെതിരായ നാടകീയ പോരാട്ടം വിജയിച്ചു കയറി സ്‌പെയിന്‍ ചരിത്രത്തിലാദ്യമായി വനിതാ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി. ഒന്നാം സെമി പോരാട്ടത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്‌പെയിനിന്റെ വിജയം.
അവസാന പത്ത് മിനിറ്റിലാണ് മൂന്ന് ഗോളുകളും പിറന്നത്. 81ാം മിനിറ്റിലാണ് സ്വീഡന്റെ പ്രതിരോധ കോട്ട പൊളിച്ച് സ്‌പെയിന്‍ ലീഡ് പിടിച്ചത്. സല്‍മ പരെയ്‌ലോയാണ് സ്പാനിഷ് ടീമിനെ മുന്നിലെത്തിച്ചത്.
കളി അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ 88ാം മിനിറ്റില്‍ റെബേക്ക ബ്ലോംക്വിസ്റ്റിലൂടെ സ്വീഡന്‍ സമനില സ്വന്തമാക്കി. എന്നാല്‍ അവരുടെ ആവേശത്തിനു ഒറ്റ മിനിറ്റിന്റെ ദൈര്‍ഘ്യമേ ഉണ്ടായുള്ളു. 89ാം മിനിറ്റില്‍ പ്രതിരോധി താരം ഓള്‍ഗ കര്‍മനോയുടെ ഗോള്‍ സ്വീഡന്റെ പ്രതീക്ഷകളെ ഒറ്റ മിനിറ്റില്‍ തല്ലിക്കെടുത്തി.
23കാരിയായ കര്‍മോനയുടെ സ്പാനിഷ് ജേഴ്‌സിയിലെ രണ്ടാമത്തെ മാത്രം ഗോളാണിത്. നിര്‍ണായക ഘട്ടത്തില്‍ ടീമിനെ വിജയ ഗോള്‍ സമ്മാനിച്ച് ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക് ആനയിക്കാന്‍ താരത്തിനായിരുന്നു നിയോഗം.
നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും- ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ഇവരില്‍ ഒരാളായിരിക്കും സ്പാനിഷ് ടീമിന്റെ ഫൈനല്‍ എതിരാളികള്‍.
ഈ മാസം 20നാണ് ഫൈനല്‍. ഇത്തവണ പുതിയൊരു വനിതാ ലോക ചാമ്പ്യനുണ്ടാകുമെന്ന് ഉറപ്പായി. സ്‌പെയിന്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ കളിക്കുമ്പോള്‍ എതിരാളികളായി എത്തുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളിലൊന്നും സമാനമായാണ് ഇറങ്ങുക. ഇരു ടീമുകളും ഇന്നു വരെ ഫൈനല്‍ കണ്ടിട്ടില്ല.