കൊച്ചി: സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി 15ന് ( ചൊവ്വാഴ്ച) 20 രൂപയ്ക്ക് മെട്രോയില്‍ യാത്ര ചെയ്യാം. ചൊവ്വാഴ്ച മെട്രോ യാത്രയ്ക്കുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.എല്ലാ ടിക്കറ്റുകളിലും ഇളവ് ലഭിക്കും. സാധാരണ 30 രൂപ ടിക്കറ്റിന് 10 രൂപ ഇളവ് ലഭിക്കും. 40 ന് 20 ഉം 50 ന് 30 ഉം 60ന് 40 ഉം രൂപയുടെ വീതം ഇളവുകള്‍ ലഭിക്കും.
കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയായി തുടരും. 15ന് രാവിലെ 6 മുതല്‍ രാത്രി 11 വരെ ഇളവുകള്‍ തുടരും. പേപ്പര്‍ ക്യൂആര്‍, ഡിജിറ്റല്‍ ക്യൂആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്കും ഇളവുകള്‍ ലഭ്യമാണ്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ് ബാക്കായാണ് ഇളവ് ലഭിക്കുക എന്നും കൊച്ചി മെട്രോ അറിയിച്ചു.
അതിനിടെ ദൈനംദിന യാത്രയ്ക്ക് കൊച്ചി മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഉത്സവകാലവും ചൂടേറുന്നതും കൂടുതല്‍ യാത്രക്കാരെ മെട്രോയിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്.
ജൂലായ് മാസത്തില്‍ പ്രതിദിനം ശരാശരി 85,545 പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. ഓഗസ്റ്റില്‍ ഇതുവരെയുള്ള പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 89,401 ആണ്. നേരത്തെ, 60,000 നും 70,000നുമിടയിലായിരുന്ന ശരാശരി യാത്രക്കാര്‍. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷമായി ഉയര്‍ത്തുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ലക്ഷ്യം.