ലക്കിടി: മഴ നനയാം, പ്രകൃതിയെ അറിയാം എന്ന സന്ദേശവുമായി താമരശ്ശേരി ചുരത്തിൽ മഴയാത്ര സംഘടിപ്പിച്ചു.രണ്ടായിരത്തോളം കുട്ടികൾ പ്രകൃതിയെ കണ്ട് ചുരത്തിലൂടെ നടന്നിറങ്ങി
വിവിധ പ്രകൃതി പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതിയും ദർശനം സാംസ്കാരിക വേദിയും എനർജി മാനേജ്മെന്റ് സെന്റർ-കേരള, ദേശീയ ഹരിതസേന എന്നിവയുടെ സഹകരണത്തോടെയാണ് പ്രകൃതി ദർശന മഴ യാത്ര സംഘടിപ്പിച്ചത്.
രാവിലെ 9 മണിയോടെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള കുട്ടികളും അധ്യാപകരും ലക്കിടിയിലെ ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് അങ്കണത്തിൽ ഒത്തുകൂടി. പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള ഡിസ്പ്ലേ, ചൊൽക്കാഴ്ചകൾ, പ്രകൃതി സംരക്ഷണ പ്രതിജ്ഞ എന്നിവയും നടന്നു. യാത്രയുടെ ഫ്ളാഗ് ഓഫ് പ്രൊഫ. ശോഭീന്ദ്രൻ നിർവഹിച്ചു. മുഖ്യസംഘാടകരായ എം എ ജോൺസൺ, പി.രമേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി നേതൃത്വം കൊടുക്കുന്ന മഴയാത്ര രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ തകരപ്പാടിയിൽ സമാപിച്ചു. ദർശനം സാംസ്കാരിക വേദി, എനർജി മാനേജ്മെന്റ് സെന്റർ-കേരള, പൊതു വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിലുള്ള ദേശീയ ഹരിത സേന വിദ്യാലയ എക്കോ ക്ളബ്ബുകൾ, ചുരം സംരക്ഷണ സമിതി, പുതുപ്പാടി ഗ്രാമ പഞ്ചായത്ത് എന്നിവരും പരിപാടിയ്ക്ക് പിന്തുണ നൽകി.