തദ്ദേശ സ്ഥാപനങ്ങളിലെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ശുചിത്വ-മാലിന്യ പദ്ധതികള്‍കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയ പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തിലാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തു. 2023-24 വാര്‍ഷിക പദ്ധതി വിനിയോഗത്തിന്റെ നാലുമാസത്തെ പുരോഗതി യോഗം വിലയിരുത്തി. ഇതുവരെ 13.51 ശതമാനം വികസന ഫണ്ട് വിനിയോഗം നടത്തി. ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാന തലത്തില്‍ ജില്ല ഏഴാം സ്ഥാനത്താണ്. ജില്ലാ പഞ്ചായത്ത് 8.26 ശതമാനവും ബ്ലോക്ക് പഞ്ചായത്ത് 12.44 ശതമാനവും ഗ്രാമ പഞ്ചായത്ത് 15.57 ശതമാനവും നഗരസഭ 12.78 ശതമാനവും വികസന ഫണ്ട് വിനിയോഗിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെ ഉപഭോക്തൃലിസ്റ്റ് ആഗസ്റ്റ് 31 നകം നല്‍കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ജനവാസകേന്ദ്രങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും യോഗം നിര്‍ദ്ദേശം നല്‍കി. പരമ്പരാഗത തെരുവ് വിളക്കുകള്‍ മാറ്റി എല്‍.ഇ.ഡി ബള്‍ബുകളാക്കുന്ന നിലാവ് പദ്ധതിയിലെ പ്രശ്‌നങ്ങല്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഈ മാസം യോഗം വിളിച്ചുചേര്‍ക്കും. കെ.എസ്.ഇ.ബി അധികൃതര്‍, തദ്ദേശ സ്ഥാപന അധികൃതരും നിലാവ് പദ്ധതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് എല്‍.എസ്.ജി.ഡി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കാനും യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപന പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഞ്ചായത്ത് തല വിദ്യാഭ്യാസ സമിതി കാര്യക്ഷമമാക്കണം. സ്‌കൂളില്‍ സ്ഥിരമായി ഹാജരാകാത്ത വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് പി.ഇ.സി യോഗത്തില്‍ സ്‌കൂള്‍ അധികൃതര്‍ ലഭ്യമാക്കണംം. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്ത് പി.ഇ.സി യോഗത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജില്ലാ ആസൂത്രണ സമിതിക്കും നല്‍കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള ലൈബ്രറികള്‍ക്ക് സൗജന്യമായി ദിനപത്രം നല്‍കുന്നതിനുള്ള പദ്ധതികള്‍ തദ്ദേശ സ്ഥാപന തലത്തില്‍ ആവിഷ്‌ക്കരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍ പ്രഭാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.