കൊച്ചി: ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യാറുള്ള യുട്യൂബര്‍ അജു അലക്സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ബാലയ്ക്കെതിരെ പൊലീസ് കേസ് എടുത്തത് വാര്‍ത്തയായിരുന്നു. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍.
ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്‍റെ റൂമില്‍ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും അജു അലക്സ് പ്രതികരിച്ചു. എന്നാല്‍ ഇതിനെതിരെ തന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് ബാല.
ഇങ്ങനെയൊക്കെ പറയും എന്ന് അറിയുന്നതിനാല്‍ താന്‍ എല്ലാം വീഡിയോ പിടിച്ചിട്ടുണ്ടെന്നാണ് ബാല പറയുന്നത്. ഇതിന്‍റെ ഒരു ഭാഗം ബാല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മനുഷ്യനും വിനീതനുമായ ഒരു പൗരൻ എന്ന നിലയിൽ എന്റെ സന്ദേശം അറിയിക്കാൻ ഞാൻ അയാളുടെ അടുത്ത് നേരിട്ട് പോയി. നിങ്ങളെ എല്ലാവരേയും ഞാൻ സ്നേഹിക്കുന്നു എന്നാൽ ഒരാൾക്ക് എങ്ങനെ എല്ലാം തരംതാഴ്ത്താനാകും എന്നാണ് ബാല ചോദിക്കുന്നത്.
അതേ സമയം ബാലയ്ക്കെതിരെ ശക്തമായ ആരോപണമാണ് അജു അലക്സ് ഉന്നയിക്കുന്നത്. “നടന്‍ ബാല ഞാന്‍ താമസിക്കുന്ന റൂമില്‍ വന്നു. ഞാന്‍ അവിടെ ഇല്ലായിരുന്നു. അവിടെ താമസിക്കുന്ന എന്‍റെ സുഹൃത്തിനെതിരെ തോക്ക് ചൂണ്ടി. അവനെ ഭീഷണിപ്പെടുത്തി. എന്നെ കൊല്ലുമെന്ന് പറഞ്ഞാണ് പോയിരിക്കുന്നത്. വീട്ടിലുള്ള സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു.
കൂടെ രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നു. ആറാട്ട് അണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷ് വര്‍ക്കിയെയും കൂട്ടിക്കൊണ്ടാണ് അദ്ദേഹം വന്നത്. സന്തോഷ് വഴി കാണിച്ച് കൊടുക്കാന്‍ വന്നതാണ്. സന്തോഷിന്‍റെ മൊബൈലില്‍ നിന്നാണ് പിന്നീട് ഇവര്‍ വിളിക്കുന്നത്.
സന്തോഷ് ഇപ്പോഴും അവരുടെ കൈയിലാണെന്ന് തോന്നുന്നു. ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിക്കുന്ന ഒരു വീഡിയോ ബാല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അതിനെക്കുറിച്ച് ഞാന്‍ ഒരു ട്രോള്‍ വീഡിയോയും ഇട്ടിരുന്നു. അത് ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ഇപ്പോള്‍ ബാല ഈ കയ്യാങ്കളിയൊക്കെ കാണിക്കുന്നത്”, അജു അലക്സ് പ്രതികരിച്ചു.