ദേശീയ അവാര്‍ഡ് ജേതാവ് നിതിൻ ദേശായിയുടെ ആത്മഹത്യ; അഞ്ചുപേര്‍ക്കെതിരെ എഫ്ഐആര്‍

Kerala

മുംബൈ: ബോളിവുഡ് കലാ സംവിധായകൻ നിതിൻ ദേശായി ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ അഞ്ചുപേരെ പ്രതിചേര്‍ത്ത് മഹാരാഷ്ട്ര പൊലീസ് കേസ് എടുത്തു. എഡില്‍വെയ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ റഷീഷ് ഷായുടെ പേരും എഫ്ഐആറിലുണ്ട്.

മഹാരാഷ്ട്രയിൽ കർജത്തിൽ നിതിൻ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയലാണ് ഓഗസ്റ്റ് 2ന് നിതിനെ ആത്മഹത്യ ചെയ്‍ത നിലയിൽ കണ്ടെത്തിയത്. കർജത്തിൽ തന്‍റെ ഉടമസ്ഥതയിലുള്ള എൻഡി സ്റ്റുഡിയോസുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത നിതിൻ ദേശായിക്കുണ്ടായിരുന്നു. നാല് തവണ കലാ സംവിധാനത്തിന് ദേശീയ പുരസ്‍കാരം നേടിയിട്ടുണ്ട്.

നിതിന്‍ ദേശായിയുടെ ഭാര്യ നേഹ ദേശായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖലാപൂർ പോലീസ് സ്റ്റേഷനിൽ കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 306 (ആത്മഹത്യ പ്രേരണ) അടക്കം വകുപ്പുകള്‍ ചേര്‍ത്താണ് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തതത് എന്നാണ് പൊലീസ് പറയുന്നത്.

എഡില്‍വെയ്സ് ഗ്രൂപ്പില്‍ നിന്നുമെടുത്ത ലോണിന്‍റെ പേരില്‍ നിരന്തരം മാനസികമായ പീഡനം നേരിട്ടുവെന്നും. പ്രതികളായ അഞ്ചുപേര്‍ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെന്നും ഇതാണ് നിതിന്‍റെ മരണത്തിലേക്ക് നയിച്ചത് എന്നുമാണ് നേഹയുടെ പരാതിയില്‍ പറയുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ കലാ സംവിധായകനായ നിതിൻ പ്രൊഡക്ഷൻ ഡിസൈനര്‍ എന്ന നിലയിലും പേരെടുത്തിരുന്നു. ‘ഹം ദിൽ ദേ ചുകേ സനം’, ‘പ്രേം രത്തൻ ധൻ പായോ’, ‘ബാജിറാവൂ മസ്‍താനി’, ‘ദേവ്ദാസ്’, ‘ലഗാൻ’, ‘ജോഥാ അക്ബർ’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ കലാ സംവിധായകനായിരുന്നു.

നിതിൻ ചന്ദ്രകാന്ത് ദേശായിക്ക് ആദ്യ ദേശീയ പുരസ്‍കാരം ലഭിക്കുന്നത് 1999ല്‍ മമ്മൂട്ടി നായകനായ ‘ഡോ. ബാബാസാഹേബ് അംബേദ്‍കര്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു. 2000ത്തില്‍ ‘ഹം ദിൽ ദേ ചുകേ സന’ത്തിലൂടെയും ഓസ്‍കര്‍ നോമിനേഷൻ ലഭിച്ച ആമിര്‍ ഖാൻ നായകനായ ‘ലഗാനെ’ന്ന ചിത്രത്തിലൂടെ 2002ലും 2003ല്‍ ‘ദേവദാസി’ലുടെയും കലാ സംവിധാനത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയ നിതിൻ ദേശായി ‘അജിന്ത’ എന്ന മറാത്തി ചിത്രം സംവിധാനം ചെയ്യുകയും രണ്ട് മറാത്തി ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്‍തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *