ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിൻ്റൺ; പ്രണോയ്, രജാവത് സെമിയിൽ

Kerala

സിഡ്നി: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിൻ്റണിൽ ഇന്ത്യയുടെ എച്ച്എസ് പ്രണോയിയും പ്രിയാൻഷു രജാവതും സെമിയിൽ. ഇന്തോനേഷ്യന്‍ താരം അന്റണി ജിന്റിങിനെ ഒന്നിനെതിരെ രണ്ട് ​ഗെയിമുകൾക്ക് തോൽപ്പിച്ചാണ് എച്ച് എസ് പ്രണോയി സെമിയിലേക്ക് മുന്നേറിയത്. ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ തോൽപ്പിച്ചായിരുന്നു പ്രിയാൻഷു രജാവതിന്റെ മുന്നേറ്റം. നാളെ നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പരസ്പരം ഏറ്റുമുട്ടും. ഇതോടെ എച്ച് എസ് പ്രണോയിയോ പ്രിയാൻഷു രജാവതോ ഒരാൾ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ കളിക്കുമെന്ന് ഉറപ്പായി.

ലോക രണ്ടാം നമ്പർ താരത്തെ തോൽപ്പിച്ചാണ് പ്രണോയ് സെമിയിലേക്ക് മുന്നേറിയത്. മത്സരത്തിൻ്റെ തുടക്കം മുതലെ പ്രണോയിയുടെ മുന്നേറ്റമായിരുന്നു കണ്ടത്. എന്നാൽ ആദ്യ ​ഗെയിമിലെ വിജയം ആന്റണി ജിൻ്റിങ് സ്വന്തമാക്കി. പിന്നീട് തകർപ്പൻ തിരിച്ചുവരവ് നടത്തിയ പ്രണോയ് അടുത്ത രണ്ട് ​ഗെയിമും ജയിച്ച് മത്സരം സ്വന്തമാക്കി. സ്കോർ 16-21, 21-17, 21-14. ഈ സീസണിൽ പ്രണോയിയുടെ മൂന്നാം സെമിയാണിത്. മുമ്പ് മലേഷ്യ മാസ്റ്റേഴ്സിലും ഇൻഡോനേഷ്യൻ ഓപ്പണിലും പ്രണോയി സെമിയിൽ എത്തിയിരുന്നു. മലേഷ്യൻ മാസ്റ്റേഴ്സിൽ കിരീടം നേടിയപ്പോൾ ഇൻഡോനേഷ്യൻ ഓപ്പണിൽ സെമിയിൽ ഇന്ത്യൻ താരം പുറത്തായി.

പ്രിയാൻഷു രജാവതിന് വെറും 30 മിനിറ്റ് മാത്രമാണ് കിഡംബി ശ്രീകാന്തിനെ തോൽപ്പിക്കാൻ വേണ്ടിവന്നത്. മുൻ ലോക ഒന്നാം നമ്പർ താരം കൂടിയാണ് ശ്രീകാന്ത്. സ്കോർ 21-8, 21-13. സീസണിൽ ആദ്യ 20 റാങ്കിലുള്ള താരത്തെ ഇത് മൂന്നാം തവണയാണ് പ്രിയാൻഷു തോൽപ്പിക്കുന്നത്. 21കാരനായ പ്രിയാൻഷു സീസണിൽ ഓർലിയൻസ് മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കിയിരുന്നു. ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ ഓർലിൻസ് മാസ്റ്റേഴ്സ് കിരീടമായിരുന്നു അത്. സെമിയിൽ ഇരു താരങ്ങളും ഏറ്റുമുട്ടുമ്പോൾ വിജയിക്കുന്ന താരം കലാശപ്പോരിൽ കപ്പുയർത്തുന്നതാണ് ഇന്ത്യൻ കായിക പ്രേമികളുടെ ആ​ഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *