അയോഗ്യത നീങ്ങിയ വിധിയിൽ ആദ്യ പ്രതികരണവുമായി രാഹുൽ ഗാന്ധി, ‘എന്ത് സംഭവിച്ചാലും… കർത്തവ്യം അതേപടി തുടരും’

Kerala

ദില്ലി: ‘മോദി’ പരാമ‍ർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിലെ സുപ്രീം കോടതിയുടെ അനുകൂല വിധിയിൽ ആദ്യ പ്രതികരണവുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. എന്ത് സംഭവിച്ചാലും എന്റെ കർത്തവ്യം അതേപടി തുടരും എന്നാണ് രാഹുൽ ഗാന്ധി ആദ്യമായി പ്രതികരിച്ചത്. ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്നും വിധി വന്ന ശേഷമുള്ള ആദ്യ ട്വീറ്റിൽ രാഹുൽ വ്യക്തമാക്കി

അതേസമയം ഇന്ത്യൻ രാഷ്ട്രീയത്തിലെ നിരവധി പ്രമുഖർ രാഹുൽ ഗാന്ധിക്ക് അനുകൂലമായ വിധിയിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. .സൂര്യനേയും ചന്ദ്രനേയും സത്യത്തേയും ഏറെ നാൾ മൂടനാവില്ലെന്നാണ് സഹോദരി കൂടിയായ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. ബുദ്ധന്‍റെ വാക്കുകൾ ഉദ്ധരിച്ചുള്ളതാണ് പ്രിയങ്കയുടെ പ്രതികരണം.

അദാനി മോദി ബന്ധം പറഞ്ഞതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. സുപ്രീം കോടതിയുടെ ചോദ്യം പ്രസക്തമാണെന്നും കെ സി ചൂണ്ടികാട്ടി. തെറ്റിനെതിരെ ശബ്ദിക്കുന്നവരുടെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ സംരക്ഷണം നൽകണമെന്നാണ് സുപ്രീം കോടതി വിധിയിലൂടെ വ്യക്തമാകുന്നത്. ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിക്കാൻ കത്ത് നൽകും. നിയമത്തിൽ വിശ്വാസമുള്ള പാർട്ടിയാണ് കോൺഗ്രസ്. കോടതികളെ ബഹുമാനിച്ചുകൊണ്ട് നിയമപരമായി വഴിയിൽ എല്ലാം നേരിടുമെന്നും കെ സി വ്യക്തമാക്കി.

ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞതാണെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നുമാണ് പ്രതിപക്ഷ നേതാവ് സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്. ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും എന്നും വിശ്വാസമുണ്ട്. ജനകോടികള്‍ രാഹുലിനൊപ്പമുണ്ട്. രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെ അല്ല, അദ്ദേഹവും കോണ്‍ഗ്രസും മുന്നോട്ട് വയ്ക്കുന്ന ആശയത്തെയാണ് വളഞ്ഞ വഴിയിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. കോടതി അത് തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ എംപിയെ തിരികെ കിട്ടിയെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. പരമോന്നത നീതിപീഠം രാഹുലിന് നീതി നൽകിയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. നീതിപീഠങ്ങളോടും രാജ്യത്തെ ജനങ്ങളോടുമുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ചാണ് രാഹുൽ ഗാന്ധി മുന്നോട്ട് പോയതെന്നും ചെന്നിത്തല പറഞ്ഞു. നീതി കാക്കാൻ നീതിപീഠം രാജ്യത്തുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതാണ് വിധിയെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *