ഭീഷണി സ്വരം വേണ്ട; നികുതി ആവശ്യപ്പെടുന്ന നോട്ടീസുകളിലെ ശൈലി മാറ്റണമെന്ന് സര്‍ക്കാറിനോട് മനുഷ്യാവകാശ കമ്മീഷൻ

Kerala

കോഴിക്കോട്: നികുതിയും നികുതി കുടിശ്ശികയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തുകളും നഗരസഭകളും നൽകുന്ന നോട്ടീസുകളിൽ ഉപയോഗിക്കുന്ന അധികാരത്തിന്റെ ‘ഭീഷണി സ്വരം’ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നോട്ടീസുകളിൽ ഉപയോഗിച്ചിരിക്കുന്ന പ്രയോഗങ്ങൾ നികുതി ദായകരെ പ്രകോപിപ്പിക്കുന്നതാണെന്നും കാലം മാറിയിട്ടും ഇത്തരം ശൈലികൾ കാലോചിതമായി പരിഷ്ക്കരിക്കാത്തത് നിർഭാഗ്യകരമാണെന്നും കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ നിരീക്ഷിച്ചു. മാപ്പപേക്ഷയുടെ പ്രയോഗത്തിലും മറ്റും സർക്കാർ വരുത്തിയ കാലോചിതമായ പരിഷ്ക്കാരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന നോട്ടീസുകളിലും വരുത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

കെട്ടിട നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് പഞ്ചായത്ത് നൽകിയ നോട്ടീസിലെ ചില പ്രയോഗങ്ങൾ തന്നെ ഭയപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും പൊതു സമൂഹത്തിൽ കളങ്കപ്പെടുത്തുന്നതുമാണെന്ന് പരാതിപ്പെട്ട് കർഷകൻ സമർപ്പിച്ച പരാതിയിലാണ് നടപടി. കേരള പഞ്ചായത്ത് വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും ചട്ടങ്ങൾ 2011, 14 (1) പ്രകാരമുള്ള നോട്ടീസാണെന്നും ഇത് നിയമാനുസൃതം മാത്രമാണെന്നും പഞ്ചായത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചു. നോട്ടീസിലെ പ്രയോഗങ്ങൾ ആരെയും ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *