അതിഥി തൊഴിലാളിക്യാമ്പുകളിൽ വ്യപക പരിശോധന, കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങൾ

Kerala

തിരുവനന്തപുരം: അതിഥിതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴിൽ വകുപ്പ് പരിശോധന നടത്തി. സംസ്ഥാനത്തൊട്ടാകെ 142 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബർ ഓഫീസർമാരും അതത് അസി ലേബർ ഓഫീസർമാരും ഉൾപ്പെട്ട ടീം പരിശോധന നടത്തിയത്. സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളും പരിശോധിച്ച് പ്രവർത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അടിയന്തിര നിർദ്ദേശത്തെ തുടർന്നാണ് പരിശോധന.

കരാർ തൊഴിലാളി നിയമം, ഇതരസംസ്ഥാനതൊഴിലാളി നിയമം, ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ആക്ട് എന്നിവ പ്രകാരം നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും രജിസ്‌ട്രേഷനില്ലാതെയുമുള്ള പ്രവർത്തനങ്ങൾ,കൃത്യമായ രജിസ്റ്ററുകൾ സൂക്ഷിക്കാത്ത സാഹചര്യം, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നതുമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

നിയമലംഘനങ്ങൾ അടിയന്തിരമായി പരിഹരിക്കുന്നതിന് നോട്ടീസ് നൽകുകയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികളെ മാറ്റിപാർപ്പിക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു. ഈ 142 ക്യാമ്പുകളിലും വർക്ക് സൈറ്റുകളിലുമായി 3963 അതിഥിതൊഴിലാളികൾ ജോലി ചെയ്യുന്നതായും കണ്ടെത്തി. അതിഥി പോർട്ടൽ രജിസ്‌ട്രേഷൻ സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങളും പരിശോധനയുടെ ഭാഗമായി നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *