മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്; മുൻ ഡിഐജിയെ ഇന്ന് ചോദ്യം ചെയ്യും

Kerala

കൊച്ചി: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തിയ ഇടപെടലിലും സാമ്പത്തിക നേട്ടത്തിലും അന്വേഷണം നടക്കും. സുരേന്ദ്രന്റെ വീട്ടിൽ വച്ച് മോൻസന് 25 ലക്ഷം കൈമാറിയെന്ന പരാതിക്കാരന്റെ മൊഴിയിൽ അടക്കം വ്യക്തത തേടുന്നതിനാണ് ചോദ്യം ചെയ്യുന്നത്.

കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും, ഐ ജി ജി ലക്ഷ്മണിനേയും മുൻ ഡിഐജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ദില്ലിയിലെ തടസങ്ങൾ നീക്കാൻ കെ.സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. മോൻസണ്‍ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസ് അന്വേഷിച്ച ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണ് സാമ്പത്തിക തട്ടിപ്പും അന്വേഷിക്കുന്നത്.

അതേ സമയം, 17 കാരിയെ പീഡിപ്പിച്ച കേസിൽ മോണ്‍സൻ മാവുങ്കലിന് മരണം വരെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. സ്വന്തം വീട്ടിലെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനും, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതിനും,18 വയസിന് ശേഷം തുടർന്നും പീഡിപ്പിച്ചതിനുമാണ് എറണാകുളം പോക്സോ കോടതി മോൻസന് കടുത്ത ശിക്ഷ വിധിച്ചത്. 2019 ജൂലൈ മാസമാണ് വീട്ടുജോലിക്കാരിയുടെ മകളെ സ്വന്തം വീട്ടിൽ വച്ച് മോൻസൻ പീഡിപ്പിക്കുന്നത്. തുടർ പഠനം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞതിന് ശേഷവും പീഡനം തുടർന്നു. 2021 സെപ്റ്റംബറിൽ പുരാവസ്തു തട്ടിപ്പ് കേസിൽ മോണ്‍സണ്‍ അറസ്റ്റിലായതോടെയാണ് പെണ്‍കുട്ടി പരാതി നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *