ക്വലാലാംപുർ: സിംഗപ്പുരിൽ ലഹരിമരുന്നു കടത്തു കേസിൽ അറസ്റ്റിലായ 45കാരിയുടെ വധശിക്ഷ നടപ്പാക്കി. സരീദേവി ജമനി എന്ന സ്ത്രീയെയാണ് ഇന്നലെ പുലർച്ചെ തൂക്കിലേറ്റിയത്. 19 വർഷത്തിനിടെ സിംഗപ്പുരിൽ വധശിക്ഷയ്ക്കു വിധേയയാകുന്ന ആദ്യ സ്ത്രീയാണു ജമനി. 50 ഗ്രാം ഹെറോയിൻ കടത്തിയതിന് 56കാരൻ മുഹമ്മദ് അസീസ് ഹുസൈനെ തൂക്കിലേറ്റി രണ്ടു ദിവസം പിന്നിടുമ്പോഴാണു വീണ്ടും വധശിക്ഷ. 2004ൽ യെൻ മേയ് വൂൻ എന്ന മുപ്പത്താറുകാരിയാണ് ഇതിനു മുൻപ് വധശിക്ഷയ്ക്കു വിധേയയായ വനിത. ലഹരിമരുന്നു കേസിലായിരുന്നു ഇവരെയും തൂക്കിലേറ്റിയത്. സിംഗപ്പുരിലെ നിയമപ്രകാരം 500 ഗ്രാമിലധികം കഞ്ചാവും 15 ഗ്രാമിലധികം ഹെറോയിനും കടത്തുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
31 ഗ്രാം ഹെറോയിൻ കടത്തിയതിനു 2018ലാണ് ജമനിക്കും വധശിക്ഷ വിധിച്ചിരുന്നു. ലഹരിമരുന്നിന് അടിമകളായ 370 പേർക്ക് ഒരാഴ്ച ഉപയോഗിക്കാൻ ഇത്രയും ഹെറോയിൻ മതിയാകും. ലഹരിമരുന്ന് കേസിൽ വധശിക്ഷ ഒഴിവാക്കണമെന്നു മനുഷ്യാവകാശ സംഘടനകളും യുഎന്നും സിംഗപ്പുർ ഭരണകൂടത്തോട് ഏറെക്കമാലമായി അഭ്യർഥിക്കുന്നുണ്ട്. കടുത്ത കുറ്റകൃത്യങ്ങൾക്കു നൽകിയിരുന്ന വധശിക്ഷ മലേഷ്യ ഒഴിവാക്കിയത് ഈ വർഷമാണ്.