കോഴിക്കോട്: കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കി. മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്‌സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കാലാവസ്ഥാ റെഡാറിനാണ് തകരാർ ഉണ്ടായതെന്നാണ് വിവരം. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ വിമാനത്തിന് കഴിയാതെ വന്നതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയത്. വിമാനത്തിന് യന്ത്രത്തകരാർ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ 9.20 ന് പറന്നുയർന്ന വിമാനം തകരാർ മനസിലാക്കി തിരിച്ചിറക്കാൻ സന്ദേശം അയക്കുകയായിരുന്നു. പിന്നീട് സുരക്ഷിതമായി തിരിച്ചിറക്കി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. കാലാവസ്ഥാ റഡാറിന് സംഭവിച്ച തകരാർ പരിഹരിക്കാൻ കഴിയുന്നതാണോയെന്ന് പരിശോധിക്കും. ഇല്ലെങ്കിൽ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കയറ്റി വിടുമെന്നും എയർപോർട്ട് അധികൃതർ വ്യക്തമാക്കി.