കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ ഓണത്തിന് മുമ്പ് തീര്‍പ്പാക്കണമെന്ന് അദാലത്ത് അവലോകന യോഗം നിര്‍ദേശം നല്കി. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിയമപരമായ തടസ്സങ്ങളില്ലാത്ത തീര്‍പ്പാക്കാന്‍ കഴിയുന്ന എല്ലാ പരാതികളും വേഗത്തില്‍ തീര്‍പ്പാക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സെപ്തംബറില്‍ നടക്കുന്ന മേഖലാതല യോഗത്തില്‍ ഇതിന്റെ പുരോഗതി വിലയിരുത്തും. മൂന്നു താലൂക്കുകളിലായി നടത്തിയ അദാലത്തില്‍ വിവിധ വകുപ്പുകളിലായി 1664 പരാതികള്‍ ലഭിച്ചതില്‍ ഇതിനകം 947 പരാതികള്‍ പരിഹരിച്ചു. 271 അപേക്ഷകള്‍ പലകാരണങ്ങളാല്‍ നിരസിച്ചു. 321 പരാതികള്‍ മേല്‍ നടപടികള്‍ക്കായി കൈമാറി. പരിഹരിക്കാനുള്ള 125 പരാതികള്‍ ഓണത്തിന് മുമ്പായി തീര്‍പ്പാക്കാന്‍ യോഗം നിര്‍ദ്ദേശം നല്കി.