വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചയാത്ത് വെള്ളമുണ്ട ഡിവിഷനും കേരള സ്റ്റോറി ടെല്ലേർസ് ക്ലബ്ബും സംയുക്തമായി ആരംഭിച്ച ‘കഥ പറയുന്ന ഡിവിഷൻ’ പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി
ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ
ഒന്നാംഘട്ടമെന്ന നിലക്ക്
ഡിവിഷൻ പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് കഥകളെ കുറിച്ചും കഥപറയുന്ന രീതിശാസ്ത്രത്തെ സംബന്ധിച്ചും സിദ്ര ഓഡിറ്റോറിയത്തിൽ വെച്ച്
ഏകദിന ശില്പശാല സംഘടിപ്പിച്ചു.
സ്റ്റോറി ടെല്ലേർസ് ക്ലബ്ബിന്റെ ഫൗണ്ടർ നിസാർ പട്ടുവം ശില്പശാലയ്ക്ക് നേതൃത്വം നൽകി.
ക്ലാസ്സ് റൂമുകൾ സജീവവും വിദ്യാർത്ഥികളെ സക്രിയമാക്കുവാനും ഉതകുന്ന 200 ൽ അധികം കഥകൾ പറയുവാനുള്ള പരിശീലനം ശില്പശാലയുടെ ഭാഗമായി നടന്നു.
ഡിജിറ്റൽ കാലഘട്ടത്തിന് അനുയോജ്യമായ കഥകളാണ് മിക്കവാറും.
അധ്യാപനത്തിൽ കഥയുടെ പ്രാധാന്യവും പ്രസക്തിയും കൃത്യമായി പരിചയപെടുത്തി.
തത്ത്വങ്ങളും ധാർമിക പാഠങ്ങളും പുതിയ തലമുറക്കിടയിൽ
വളർത്തിയെടുക്കാൻ ശരിയായ കഥ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്.
വിദ്യാർത്ഥികളുടെ മനസ്സ് ഒരു ശില്പിയുടെ ഉരുക്കിയ മെഴുക് പോലെ ഉറച്ചിട്ടില്ലാത്തതാണ്.
മെഴുക് ഏത് രൂപവും നൽകാം. ക്ലാസ്സ് മുറികളിലെ വളർച്ചയുടെ വർഷങ്ങളിൽ പഠിതാക്കളിൽ അധ്യാപകർ നൽകുന്ന കഥകൾ ജീവിതകാലം മുഴുവൻ അവരോടൊപ്പമുണ്ടാകും.
അത്തരം
കഥയുടെ പ്രാധാന്യം തിരിച്ചറിയുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നു സംഘടകർ പറഞ്ഞു.
പൗരൻമാരുടെ
സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കുക,
ഏറ്റവും ഫലപ്രദമായ രീതിയിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി കഥകളുടെ പ്രാധാന്യം ജനകീയമാക്കാൻ തുടർ പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ടാണ് കഥ പറയുന്ന ഡിവിഷൻ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
ശില്പശാലയിൽ പങ്കെടുത്തവർക്കുള്ള അംഗീകാരപത്രവും ഉപഹാരവും പത്മശ്രീ ചെറുവയൽ രാമൻ വിതരണം ചെയ്തു.
ഷാജൻ ജോസ് അധ്യക്ഷത വഹിച്ചു. പ്രവീണ കെ,ബാസിത് കെ,
മുഹമ്മദലി കെ.എ, ഉസ്മാൻ ടി.എച്ച്,ജസീൽ അഹ്സനി, ഡോ. ഗോവിന്ദരാജ്, മഹേഷ് കെ തുടങ്ങിയവർ സംസാരിച്ചു.
‘ചെയർമാൻ’കസേര നിർമ്മാണ കമ്പനിയുടേയും കൈരളി ഡിസ്ട്രിബ്യുട്ടേഴ്‌സ് ന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.