മാനന്തവാടി. : മഴക്കാല ആരംഭത്തോടെ വിപണിയിൽ വില കുറയുന്ന ഒരു കാർഷി ഉത്പന്നമാണ് കപ്പ. രണ്ടു മാസം മുൻപ് വരെ ന്യായമായ വില കപ്പക്ക് ലഭിച്ചിരുന്നെങ്കിലും മഴയുടെ സാന്നിധ്യത്തോടെ വയലുകളിലും മറ്റ് വെള്ളം കയറാൻ സാധ്യതയുള്ളയിടങ്ങളിൽ നിന്നും കപ്പ വൻ തോതിൽ വിപണിയിലേക്ക് വന്നു തുടങ്ങിയതോടെ കപ്പയുടെ വിലയിടിവും തുടങ്ങിയിരുന്നു. എന്നാൽ ഉയർന്ന അളവിൽ കപ്പക്ക് വിപണിയിൽ ആവശ്യക്കാരുണ്ടെങ്കിൽ വിലയിടിവ് ഒരു പരിധി വരെ തടഞ്ഞു നിറുത്താൻ കഴിയും. ഇതിന്റെ ഭാഗമായി കുഴി നിലത്ത് പ്രവർത്തിക്കുന്ന മധുവനം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വയനാട്ടിൽ നിന്നും വൻ തോതിൽ കപ്പ സംഭരിച്ച് വിദേശ വിപണിയിലേക്കെത്തിക്കുന്നത്. അഞ്ചരക്കണ്ടിയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ സഹകരണ സ്ഥാപനവുമായി സഹകരിച്ചു കൊണ്ടാണ് ആദ്യ ഘട്ടത്തിൽ 13 ടൺ പച്ചക്കപ്പ വിദേശ നാടുകളിലേക്ക് കയറ്റി അയക്കുന്നത്. കൃഷിയിടങ്ങളിൽ നിന്നും ശേഖരിക്കുന്ന പച്ചക്കപ്പ 12 മണിക്കൂറിനുള്ളിൽ പ്രൊസസ്സിംഗ് പ്ലാന്റിലെത്തിച്ച് കഴുകി വൃത്തിയാക്കി പുറം തൊലി നീക്കം ചെയ്ത് ചെറിയ കഷണങ്ങളാക്കി ‘ റെഡി ടു കുക്ക്, രൂപത്തിൽ ചെറിയ കൺസ്യൂമർ പായ്ക്കുകളിലാക്കി മൈനസ് 40 ഡിഗ്രി താപനിലയിൽ സൂക്ഷിച്ചു വെയ്ക്കുന്നു. വിപണിയിൽ നിന്നും ഓർഡർ ലഭിക്കുമ്പോൾ പ്രത്യേക ശീതീകരണ സംവിധാനങ്ങളുള വാഹനത്തിൽ മൈനസ് 20 ഡിഗ്രി താപനിലയിൽ എയർപോർട്ടിൽ എത്തിക്കുന്നു.
കേന്ദ്ര ഗവൺമെന്റിന്റെയും നബാർഡിന്റെയും സഹായ സഹകരണത്തോടെ പ്രവർത്തിക്കുന്ന മധു വനം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നിലവിൽ കാപ്പി, കുരുമുളക് എന്നിവ ശേഖരിക്കുകയും അഗ് മാർക്ക് ഗുണനിലവാരമുള്ള വിവിധയിനം തേൻ, ഉണക്കു കപ്പ, കൂവപ്പൊടി, വയനാടൻ കുത്തരി എന്നിവയുടെ വിപണന രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നു. തക്കാളി, കാപ്സിക്കം എന്നിവ സംഭരിച്ച് വിദേശ വിപണിയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടത്തി വരുന്നു