ഹരിത കർമ്മസേനക്ക് ആദരം നൽകി

General Wayanad

‘പരിസ്ഥിതിയെ പ്രണയിക്കാം
പ്രകൃതിയെ നോവിക്കാതെ’എന്ന പ്രമേയവുമായി വാലൻന്റൈൻ ദിനത്തിൽ
വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പ്രണയ പ്രതിജ്ഞയും
ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കലും
ഹോണറിങ് സാരി വിതരണവും സംഘടിപ്പിച്ചു.
വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ഡിവിഷൻ പരിധിയിലെ നാല്പതോളം വരുന്ന ഹരിത കർമ്മസേന അംഗങ്ങൾക്കും സാരിയും ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ പ്രത്യേക അംഗീകാരപത്രവും കൈമാറി.
ഇതോടൊപ്പം തന്നെ
നിസ്തുല സേവനം ചെയ്യുന്ന പഞ്ചായത്ത്‌ പരിധിയിലെ അനിമേറ്റർമാരെയും അനുമോദിച്ചു.
ചടങ്ങുകൾ പത്മശ്രീ ചെറുവയൽ രാമൻ ഉദ്‌ഘാടനം ചെയ്തു. പി.ജെ ആന്റണി അധ്യക്ഷത വഹിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി,ബ്ലോക്ക് മെമ്പർ വി.ബാലൻ,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം ഷഫീല പടയൻ,
എം.അബ്ദുൽ അസീസ്,മിഥുൻ മുണ്ടക്കൽ, കെ.എൻ വിജിത്ത്,തോമസ് പി.എ, സ്റ്റെല്ല മാത്യു,കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബാല സുബ്രഹ്മണ്യൻ പി.കെ, ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ,വിജ്ഞാൻ ലൈബ്രറി പ്രസിഡന്റ് കെ.കെ ചന്ദ്രശേഖരൻ, സെക്രട്ടറി എം.ശശി,വയനാട് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ,സി.വി മജീദ്,സാബു പി ആന്റണി,പുത്തൂർ ഉമ്മർ,പി.ജെ കുര്യൻ,മായൻ മണിമ
തുടങ്ങിയവർ സംസാരിച്ചു.

എന്തുകൊണ്ട് ഹരിത കർമ്മ സേന ?
ആളുകൾ തങ്ങളുടെ ജീവിത സാഹചര്യങ്ങൾ ഉയർത്തുന്നതിന് വേണ്ടി ഭൂമിയിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് ടൺ കണക്കിന് മാലിന്യങ്ങളാണ്.
മാലിന്യ കൂമ്പാരങ്ങളാൽ നിറഞ്ഞു കവിഞ്ഞ് ജീവന്റെ സ്രോതസ്സുകൾ ആയ ശുദ്ധവായു, ശുദ്ധജലം ശുദ്ധമണ്ണ് തുടങ്ങിയവ മലിനമായി കഴിഞ്ഞിരിക്കുന്നു.

ദൈവത്തിന്റെ സ്വന്തം നാട്‌ എന്നറിയപ്പെടുന്ന കൊച്ചു കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. മലിനമായിക്കൊണ്ടിരിക്കുന്ന ജീവന്റെ ഉറവകളെ തിരിച്ചുപിടിക്കേണ്ടത് ഓരോ പൗരന്റെയും ധർമ്മമാണ്. എന്നാൽ തിരക്കുപിടിച്ച ജീവിതക്രമങ്ങളിൽ പ്രകൃതി സംരക്ഷണം നമ്മൾ ഒരു പരിധിവരെ വിസ്മരിക്കുന്നു. അതുകൊണ്ടുതന്നെയാണ് കേരളത്തെ മാലിന്യമുക്തമാക്കാൻ ഹരിത കർമ്മസേനയ്ക്ക് സർക്കാർ രൂപം നൽകിയത് . പ്രകൃതിയുടെയും സർവ്വചരാചരങ്ങളുടെയും സംരക്ഷകരായ ഹരിത കർമ്മസേന അംഗങ്ങൾ ആദരിക്കപ്പെടേണ്ടവരാണ്. നമ്മുടെ വീടുകളിലെ മാലിന്യങ്ങൾ ശേഖരിക്കാൻ വരുന്നവരെ നെഗറ്റീവ് മനോഭാവത്തോടെ അല്ല കാണേണ്ടത്. നമ്മുടെ പ്രകൃതിയെയും ജീവനെയും സംരക്ഷിക്കാൻ വന്നവർ എന്ന നിലയിൽ ഓരോരുത്തരും ഹൃദയത്തിൽ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഹരിത കർമ്മസേനാംഗങ്ങൾ മാലിന്യങ്ങൾ ശേഖരിച്ചു കൊണ്ടു പോകുന്നവർ മാത്രമല്ല മറിച്ച് ഹരിത സാങ്കേതികവിദ്യയുടെ പ്രയോക്താക്കളും ശുചിത്വ സംസ്കാരം ജനങ്ങളിലേക്ക് എത്തിക്കുന്ന സന്ദേശ വാഹകരുമാണ്. നമ്മുടെ വീടുകളിലെ മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ട് ഈ പടയാളികൾ പടിയിറങ്ങുമ്പോൾ വിവിധ രോഗങ്ങൾ കൂടിയാണ് നമ്മുടെ വിടുകളിൽ നിന്ന് അകന്നു പോകുന്നത്. ഖര മാലിന്യങ്ങൾ വലിച്ചെറിഞ്ഞും കത്തിച്ചും പുറത്തേക്ക് പോകുന്ന വിഷ വസ്തുക്കൾ നമുക്കുണ്ടാക്കുന്നത് ഇതര രോഗങ്ങളും കടുത്ത സാമ്പത്തിക ബാധ്യതയും. നമ്മളെ സംരക്ഷിക്കുന്ന ഈ സഹോദരിമാരെ ആദരിക്കുകയും മാന്യമായി പരിഗണിക്കുകയും ചെയ്യുമ്പോൾ അവർക്കൊരു വരുമാനവും ഒപ്പം നമുക്ക് ജീവിത സുരക്ഷിതത്വമാണ് കൈവരുന്നത്.

അതുകൊണ്ടാണ്
‘പരിസ്ഥിതിയെ പ്രണയിക്കാം
പ്രകൃതിയെ നോവിക്കാതെ’എന്ന പ്രമേയവുമായി വാലൻന്റൈൻ ദിനം വേറിട്ട കാഴ്ചപ്പാടോടെ ആഘോഷിക്കാൻ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *