ചൈൽഡ് ലൈൻ;ചലിച്ചേ മതിയാകൂ

Kerala

ചൈൽഡ് ലൈൻ പദ്ധതി

ചലിച്ചേ മതിയാകൂ….

എല്ലാ രാജ്യങ്ങൾക്കും മാതൃകയാണ് നമ്മുടെ രാജ്യത്തെ ശിശു പരിപാലനം എന്ന് കൊട്ടി ഘോഷിക്കുന്നവർക്ക് അറിഞ്ഞോ അറിയാതയോ ചില വീഴ്ചകൾ സംഭവിക്കുന്നുണ്ട്. അതിന് ഏറ്റവും വലിയ ദൃഷ്ടാന്തമാണ് കേന്ദ്ര വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് ലൈൻ കേന്ദ്രങ്ങളുടെ അപചയം.കേന്ദ്ര വനിതശിശു വികസന വകുപ്പിന്റെ കീഴിൽ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലേക്ക് ചൈൽഡ് ലൈൻ പദ്ധതി മാറ്റുന്നതിനുള്ള ശ്രമമാണ് പദ്ധതി അവതാളത്തിലായത്. തന്മൂലം ഈ സ്ഥാപനത്തിന് ലഭിക്കേണ്ടിയിരുന്നതും ലഭിക്കാനുള്ളതുമായ ഫണ്ട് നിലച്ചതാണ് പ്രവർത്തനം നിലക്കാനുള്ള കാരണമെന്ന് അധികൃതർ.മുൻ കാലങ്ങളിൽ പ്രവർത്തന മൂലധനം ലഭിക്കുമായിരുന്നു. ഇപ്പോൾ അതും മുടങ്ങി. കേരളത്തിൽ വിവിധ ജില്ലകളിലായി 235 കരാർ ജീവനക്കാരാണ്ഉള്ളത്. ടീം മെമ്പർ എന്ന ഉദ്യോഗപ്പേരിൽ അറിയപ്പെടുന്ന ഇവരുടെ ശമ്പളം വെറും 8000 രൂപ മാത്രമാണ്.ഇരുപത് വർഷത്തിലധികാമായി ജോലി നോക്കുന്ന വ്യക്തികളും ഇക്കൂട്ടത്തിലുണ്ട് . അവർക്കും ലഭിക്കുന്നത് ഈ 8000 രൂപ തന്നെ. 2014ൽ ആണ് ഇവർക്ക് ഈ ശമ്പളം നിശ്ചയിച്ചത്.അതിന് ശേഷം ഒരു വർധനവും ഉണ്ടായിട്ടില്ല. എല്ലാ ദിവസവും ജോലിക്ക് ഹാജരാകണം. ഒരു ദിവസം വന്നില്ലെങ്കിൽ ആ ദിവസത്തെ ശമ്പളവും പോയിക്കിട്ടും. സോഷ്യൽ വർക്കിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവരാണ് മിക്കവരും. ഇവർക്ക് ശമ്പളം മുടങ്ങിയിട്ട് ഇപ്പോൾ ഒൻപത് മാസം കഴിഞ്ഞിരിക്കുന്നു.അവർക്കുമുണ്ട് കുടുംബവും കുട്ടികളും. ജോലിയോടുള്ള താല്പര്യവും സാമൂഹ്യ പ്രതിബദ്ധതയും ഒന്ന് മാത്രമാണ് ഞങ്ങളെ പിടിച്ചു നിർത്തുന്നതെന്ന് വിവിധ ജില്ലകളിലെ ജീവനക്കാർ പറഞ്ഞു . ഇതിനാലകം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും നൂറിനടുത്ത് ജീവനക്കാരനാണ് ശമ്പളം ലഭിക്കാതെ ജോലി ഉപേക്ഷിച്ചത്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ കൊഴിഞ്ഞു പോയത് കാസർഗോഡ് ജില്ലയിലാണ്. പല ജില്ലകളിലും ഇതാണ് സ്ഥിതിയെങ്കിലും റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന കേസുകളിൽ വീഴ്ച വരുത്താതെ ഉള്ള സ്റ്റാഫുകളെ ഉപയോഗിച്ച് നടപടികൾ സ്വീകരിക്കുന്നുണ്ട് .ഈ പ്രതിസന്ധികൾക്കിടയിലും 1500 ൽ അധികം കേസുകളാണ് സംസ്ഥാനത്തു ഒരു മാസം ഇടപെടൽ നടത്തുന്നത്.
. കഴിഞ്ഞ നാളുകളിൽ റിപ്പോർട്ട് ചെയ്ത പോക്സോ കേസുൾപ്പെടെയുള്ള പ്രധാന കേസുകളിലെ പരാതിക്കാരും പ്രധാന സാക്ഷികളുമാണ് ഇത്തരത്തിൽ പിരിഞ്ഞ് പോയിട്ടുള്ളവർ. ആയതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ടിട്ടുള്ള നിയമ നടപടികൾ ആട്ടിമറിക്കപ്പെടാൻ സാധ്യത ഏറെയാണ്.

   പലവിധ ബുദ്ധിമുട്ടുകളാൽ വിഷമിക്കുന്ന കുട്ടികൾക്ക് വലിയ ആശ്വാസമായിരുന്നു 1098 എന്ന നമ്പറിലേക്കുള്ള വിളി.കഴിഞ്ഞ നാളുകളിൽ (കോവിഡിന് മുൻപും ശേഷവും )ഈ സംവിധാനം നമ്മുടെ  നിരവധി കുട്ടികളെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. സമൂഹത്തിൽ നിന്നും സ്കൂളിൽ നിന്നും എന്തിനേറെ പറയുന്നു സ്വന്തം വീടുകളിൽ നിന്ന് പോലും അവർ അനുഭവിക്കുന്ന ശാരീരിക മാനസിക പീഡനങ്ങളും മറ്റും  ഒരു ഫോൺ കോളിലൂടെ പരിഹാരം കാണുന്ന സംവിധാനമാണിത് . വീടുകളിലെ പ്രതികൂല സാഹചര്യങ്ങൾ, അമിതമായ മൊബൈൽ   ഉപയോഗം, മയക്കുമരുന്നിന് അടിപ്പെടുന്ന അവസ്ഥ, പഠന സംബന്ധമായ പിരിമുറുക്കം, സോഷ്യൽ മീഡിയയിലെ അരുതാത്ത ബന്ധങ്ങൾ, ശാരീരിക അസ്വസ്ഥതകൾ, വീടുകളിലെ ഒറ്റപ്പെടൽ, മാതാപിതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം  തുടങ്ങി വിവിധ  ജീവിത സാഹചര്യങ്ങളിൽ പെട്ട്  മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾ,പഠനത്തിന്റെയും പരീക്ഷകളുടെയും പിരിമുറുക്കം, ബാലവേല, ബാല ഭിക്ഷാടനം, തെരുവിൽ അലയുന്ന കുട്ടികൾ എന്നിവർക്ക് അടിയന്തിര സഹായം എത്തിക്കുക എന്നുള്ളതാണ് ചൈൽഡ് ലൈന്റെ മുഖ്യ ലക്ഷ്യം.  1098 ൽ ഒരു വിളി എത്തിയാൽ മൂന്നു മണിക്കൂറിനുള്ളിൽ ടീം മെംബേർസ് അവിടെ എത്തി ചേർന്ന് കുട്ടിക്ക് ആവശ്യമായ ശ്രദ്ധയും സംരക്ഷണവും നൽകുകയും ഭക്ഷണം, വസ്ത്രം, കൗൺസിലിങ് ഉൾപ്പെടെയുള്ള തമസ സൗകര്യം ഇവയൊക്കെ തരപ്പെടുത്തണം.ഒരു പരിധി വരെ ഈ സംവിധാനം നമ്മുടെ കുട്ടികൾക്ക് ഒരു  വലിയ സഹായമായിരുന്നു .പൊതു പരീക്ഷകളുടെ കാലമാണ് വരാൻ പോകുന്നത്. പ്രത്യേകിച്ച്  കോവിഡിന്  ശേഷം മൊബൈൽ ഉപയോഗത്തിലൂടെ  കൗമാരക്കാരായ  കുട്ടികൾ  കൂടുതൽ വിഷയങ്ങൾ നേരിടുന്നുണ്ട്. ആയതിനാൽ തന്നെ ഈ സംവിധാനം താമസം വിന കാര്യക്ഷമായേ പറ്റൂ.ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ചില ഇടപെടലുകൾ തുടങ്ങി വെച്ചതായി അറിയുന്നു. അത് കുറെ കൂടി കാര്യക്ഷമമാകണം.
ഓരോ ജില്ലയിലും പ്രവർത്തിച്ചു വരുന്ന ചൈൽഡ് ലൈൻ പ്രവർത്തകർ പരാതിക്കാരായ കുട്ടികളെ വീട്ടിൽ ചെന്ന് നേരിട്ട് കണ്ടായിരുന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നത്. അന്വേഷത്തിന്റെ ഭാഗമായിട്ടുള്ള ഈ യാത്രകളൊക്കെ പലപ്പോഴും 

ദീർഘവും ചെലവേറിയതും ആണ്. ഇതിനൊക്കെ സ്വന്തമായി വാഹനം ഉണ്ടായേ തീരു. എന്നാൽ ഇക്കൂട്ടർ സ്വന്തം കയ്യിൽ നിന്നും പണം മുടക്കിയാണ് ഇതുവരെ പൊയിക്കൊണ്ടിരുന്നത്. എന്നാൽ നഷ്ടം സഹിച്ച് എത്ര നാൾ ഇതവർക്ക് തുടരാൻ സാധിക്കും. സാമൂഹ്യ പ്രതിബദ്ധതക്കും ഒരു പരിധി ഇല്ലേ.
എഴുത്ത് :സുഗതൻ എൽ. ശൂരനാട്
സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്
ബാലാവകാശ പ്രവർത്തകൻ.
9496241070

Leave a Reply

Your email address will not be published. Required fields are marked *