അധ്യാപകന്റെ ഇടപെടലിലൂടെ സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് സുരക്ഷിത പാതയൊരുങ്ങുന്നു.
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് ഇനി രാവിലെയും വൈകുന്നേരവും പേടി കൂടാതെ യാത്ര ചെയ്യാം.സംസ്ഥാനത്തെ ദേശീയ പാതകളുടെയും മറ്റ് തിരക്കേറിയ പാതകളുടെയും സമീപം പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മുൻവശം പ്രത്യേക നടപ്പാതയും സുരക്ഷാവേലിയും ഒരുങ്ങുന്നു.ഈ വിഭാഗത്തിൽ പെടുന്ന സ്കൂളുകളുടെ വിവരം അടിയന്തിരമായി നൽകാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്ക് നൽകിയ നിർദേശം. ആലപ്പുഴ താമരക്കുളം വി വി ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും ബാലാവകാശ പ്രവർത്തകനും കൂടിയായിട്ടുള്ള എൽ. സുഗതനാണ് ഈ വിഷയം ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി സമർപ്പിച്ചത്.തന്റെ സ്വന്തം സ്കൂളിലെ കുട്ടികളുടെ സുരക്ഷക്കായി 2018 ൽ ഇദ്ദേഹം അന്നത്തെ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരന് പരാതി സമർപ്പിച്ചതിന്റെ ഫലമായി സ്കൂളിന് മുൻവശം എട്ട് ലക്ഷം രൂപ ചെലവിൽ സുരക്ഷാ വേലിയും നടപ്പാതയും നിർമ്മിച്ചിരുന്നു. കൂടാതെ അദേഹത്തിന്റെ ഇടപെടൽ കൊണ്ട് സ്വദേശമായ ശാസ്താംകോട്ട ജെ എം എച്ച് എസ് സ്കൂളിന് മുൻവശത്തും കുട്ടികൾക്കായി നടപ്പാത നിർമ്മിച്ചിരുന്നു.പിന്നീടാണ് ഈ പദ്ധതി സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതിന് മുൻകൈ പ്രവർത്തനം നടത്തിയത്. കുട്ടികളുടെ സുരക്ഷക്കായി നിരവധി ഇടപെടലുകളാണ് അദ്ധ്യാപന ജീവിതത്തിന്റെ ഇടയിലും ഇദ്ദേഹം നടത്തിയിട്ടുള്ളത്. ടൂറിസ്റ്റ് ബസുകളിലെ അമിത ശബ്ദ കോലാഹലം ഒഴിവാക്കിയതും, സംസ്ഥാനത്തെ നാലായിരത്തിൽ പരം സ്കൂളുകളിൽ ബയോഗ്യാസ് പ്ലാന്റും മഴവെള്ള സംഭരണിയും നിർമിച്ചതും ഇദ്ദേഹത്തിന്റെ ശ്രമഫലം കൊണ്ടാണ്. സ്കൂൾ ഉച്ചഭക്ഷണത്തിലെ വിഷം തീണ്ടിയ പച്ചക്കറി ഒഴിവാക്കുന്നതിന് കർമ്മ പദ്ധതി ആവിഷ്കരിക്കുക , എല്ലാ സ്കൂളുകളിലും ക്ലാസ് റൂം ലൈബ്രറി സ്ഥാപിക്കുക, കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള കായിക ഉപകരണങ്ങൾ വിതരണം ചെയ്യുക തുടങ്ങിയിട്ടുള്ള ഇദ്ദേഹത്തിന്റെ ആവശ്യങ്ങൾ സർക്കാരിന്റെ പരിഗണനയിലാണ്.
(9496241070…എൽ. സുഗതൻ )