താരപ്രളയത്തില് കരപറ്റാനാവാതെ പൊന്നിയിന്‍ സെല്വന്: വിവേക് വയനാടിന്റെ റിവ്യൂ വായിക്കാം
ഒരു പാന്‍ ഇന്ത്യന്‍ ചരിത്രസിനിമയ്ക്ക് ആവശ്യമായ പ്രൗഢിയോടെ തന്നെയാണ് പൊന്നിയിന്‍ സെല്വന് സ്ക്രീനിലെത്തുന്നത്. ക്ലാസിക് നോവല്‍, മാസ്റ്റര്‍ ഡയറക്ടര്‍ മണിരത്നം, വിഖ്യാത സംഗീതജ്ഞൻ എ.ആര്. റഹ്മാന്, ഐശ്വര്യറായ്, വിക്രം, തൃഷ, കാര്‍ത്തി, ജയം രവി തുടങ്ങിയ വമ്പന്‍ താരനിര. മികച്ച കലാസംവിധാനവും യോജിച്ച വസ്ത്രാലങ്കാരവും. സാങ്കേതികമായി വലിയ തെറ്റുകളില്ല. എന്നാല്‍ ഇത്രയും കാര്യങ്ങള്‍ ഒന്നിച്ച് പ്രവര്ത്തിച്ചുണ്ടാകേണ്ട ഒരു “സിനര്‍ജി’ സിനിമയില്‍ ഇല്ലെന്നതാണ് പൊന്നിയിന്‍ സെല്‍വനെ ഒരു ആവറേജ് സിനിമാനുഭവമാക്കുന്നത്.
പൊന്നിയിന്‍ സെല്വന് നോവലിന്റെ തന്നെ കഥയാണ് സിനിമ. രണ്ട് ഭാഗമാക്കി ചിത്രീകരിച്ച സിനിമയുടെ ആദ്യഭാഗമാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിന്റെ അധിപന് സുന്ദര ചോളന്(പ്രകാശ് രാജ്) പ്രായവും രോഗവും കൊണ്ട് ബുദ്ധിമുട്ടുകയാണ്. ആദിത്യ കരികാല(വിക്രം) ആണ് അടുത്ത കിരീടാവകാശി. എന്നാല്‍ ചോള രാജ്യത്തിന്റെ മുന്‍ ഭരണാധികാരിയുടെ മകന് മഥുരാന്തകനും(റഹ്മാന്) സിംഹാസനത്തിനായി ആഗ്രഹിക്കുന്നു. മറ്റു സാമന്തരാജാക്കന്മാരുമായി ചേര്‍ന്ന് മഥുരാന്തകന് കടമ്പൂര് കൊട്ടാരത്തില്‍ വച്ച് ഒരു അട്ടിമറി പദ്ധതിയിടുന്നു.
വിമതരുടെ ഈ നീക്കമറഞ്ഞ ആദിത്യന് തന്റെ വിശ്വസ്തനായ വന്തിയതേവന് (കാര്‍ത്തി) കാര്യങ്ങള്‍ അന്വേഷിക്കാന്‍ പറഞ്ഞു വിടുന്നു. ഇതേ സമയം സുന്ദര ചോളന്റെ ഇളയ മകന് പൊന്നിയന്‍ സെല്‍വം ലങ്കയില്‍ യുദ്ധം നയിക്കുകയാണ്. മഥുരാന്തകന് ആസൂത്രണം ചെയ്ത അട്ടിമറിയും അതേ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പൊന്നിയിന്‍ സെല്വന് ഭാഗം ഒന്നിലുള്ളത്.
ഒരു പാന്‍ ഇന്ത്യന്‍ ചരിത്ര സിനിമയ്ക്ക് ആവശ്യമായ പ്രൗഢിയോടെ തന്നെയാണ് പൊന്നിയിന്‍ സെല്വന് സ്ക്രീനിലെത്തുന്നത്. മികച്ച കലാസംവിധാനവും യോജിച്ച വസ്ത്രാലങ്കാരവും ചിത്രത്തിന് ഗാംഭീര്യമേറ്റുന്നു. സാങ്കേതികമായി വലിയ തെറ്റുകള്‍ പറയാനില്ലാത്ത സിനിമയാണ്പൊന്നിയിന് സെല്വന്.
താരങ്ങളുടെ പ്രകടനമാണ് മറ്റൊരു ആകര്‍ഷണീയത. താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ടെങ്കിലും വന്തിയതേവനായെത്തിയ കാര്‍ത്തിയാണ് ചിത്രത്തിലുടനീളം ശ്രദ്ധ പിടിച്ചുപറ്റിയത്. മറ്റൊരര്‍ഥത്തില്‍ കാര്‍ത്തിയുടെ കഥാപാത്രത്തിലൂടെയാണ് ചിത്രം ഏറിയ പങ്കും പറഞ്ഞു പോവുന്നത്. ആക്ഷന്‍ രംഗങ്ങളിലും റൊമാന്‍സ് രംഗങ്ങളിലും ചെറിയ തമാശകളില്‍ പോലും കാര്‍ത്തി തിളങ്ങിനിന്നു.
ഇതാ, വഴിമാറി നടക്കുന്ന ഒരു ചട്ടമ്പി
ജയം രവിയുടെ പ്രകടനവും എടുത്ത് പറയാവുന്നതാണ്. ടൈറ്റില്‍ ക്യാരക്ടറാണെങ്കിലും രണ്ടാം പകുതിയോടടുത്താണ് ജയം രവിയുടെ പൊന്നിയിന്‍ സെല്‍വം കഥയിലെത്തുന്നത്.
നന്ദിനിയായെത്തിയ ഐശര്യറായിയും കുന്തവൈയായെത്തിയ തൃഷയും ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. നോട്ടം കൊണ്ട് പോലും വലിയ ചലനങ്ങളുണ്ടാക്കുന്ന, ചെറിയ ഭാവപ്രകടനങ്ങള്‍ കൊണ്ട് പോലും ഇംപാക്ട് ഉണ്ടാക്കുന്ന കഥാപാത്രങ്ങളാണ് ഇരുവരും സ്ക്രീനിലെത്തിച്ചത്. ഐശര്യലക്ഷ്മിയുടെ പൂങ്കുഴലി, ശോഭിത ദുലിപാലയുടെ കൊടമ്പല്ലൂര് ഇളവരസി തുടങ്ങി ചിത്രത്തിലെ മറ്റു സ്ത്രീ കഥാപാത്രങ്ങളും കൃത്യമായി ഡീറ്റെയില്‍ ചെയ്യപ്പെട്ടതും ഐഡന്റിറ്റി ഉള്ളവരുമാണ്. സ്ത്രീകഥാപാത്രങ്ങളെ അതിമനോഹരമായി ചിത്രീകരിക്കുന്ന മണിരത്നം ട്രൈറ്റ് പൊന്നിയന്‍ സെല്‍വനിലും കാണാം.
വിക്രം കുറച്ച് സീനുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും വലിയ ഇംപാക്ട് പ്രേക്ഷകരിലെത്തിക്കാനായിട്ടുണ്ട്.
ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി,
ലാല്‍, പ്രഭു, ശരത്കുമാര്, ജയറാം, പ്രകാശ് രാജ്, റഹ്മാന്, പാര്ഥിപന്, നാസര്‍ തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്.
പ്രകടനം കൊണ്ട് നിരാശപ്പെടുത്തിയില്ലെങ്കിലും ഇത്രയധികം കഥാപാത്രങ്ങള്‍ ഒന്നിന് പിറകെ ഒന്നായി അവ്യക്തമായി അവതരിപ്പിക്കപ്പെടുന്നത് പ്രേക്ഷകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. ഇത്രയധികം കഥാപാത്രങ്ങള്‍ വരുമ്പോഴും ഒന്നിലും ഫോക്കസ് ചെയ്യാനാവാതെ കെട്ടഴിഞ്ഞ നിലയിലാണ് സിനിമ.
മൂന്ന് മണിക്കൂറിനടുത്താണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. എന്നാല്‍ അത്രയും നേരം പിടിച്ചിരുത്താനുള്ള മൊമന്റുകള് തിരക്കഥയിലില്ല. പൊന്നിയന്‍ സെല്‍വന്റെ കഥ ആകര്‍ഷകമാണെങ്കിലും സ്ക്രീനില്‍ പ്രേക്ഷകനെ അത് എന്‍ഗേജ് ചെയ്യിക്കുന്നില്ല. ഒരു സിനിമയില്‍ നമ്മള് പ്രതീക്ഷിക്കുന്ന ഒരു എലവേഷന്‍ മൊമെന്റ്സോ ഡ്രാമയോ പൊന്നിയന്‍ സെല്വന് നല്‍കുന്നില്ല. പൊന്നിയന്‍ സെല്വന് കഥ മുന്‍പ് പരിചയമില്ലാത്ത പ്രേക്ഷകര്‍ക്ക് കഥാപാത്രങ്ങളെയോ സംഭവങ്ങളെയോ പിടിച്ചെടുക്കാനാവാത്ത വിധം ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലാണ് സിനിമ.
ജയം രവിയുടെ കാര്‍ത്തിയുമായുള്ള ഫൈറ്റ് ഒഴിച്ച് നിര്‍ത്തിയാല്‍ ആക്ഷന്‍ രംഗങ്ങളില്‍ പോലും ഒരു ശരാശരിക്ക് മുകളിലേക്ക് പ്രേക്ഷകനെ പിടിച്ചുയര്‍ത്താന്‍ മണിരത്നത്തിന് കഴിയുന്നില്ല. യുദ്ധരംഗങ്ങളില്‍ വൈകാരികതയോ അഡ്രിനാലിന്‍ റഷോ ചേരാതെ വെറും ഒരു “ടെക്നിക്കലി ശരി’യായ ചിത്രീകരണം മാത്രമായി ഒതുങ്ങുന്നു. ക്ലൈമാക്സിലെ യുദ്ധത്തിന്റെ കാര്യവും ഇങ്ങനെ തന്നെ. ഒരു വന്‍ ഇംപാക്ട് ഉണ്ടാക്കാവുമായിരുന്ന യുദ്ധ രംഗങ്ങള്‍ ഒട്ടും ഫോക്കസ് ഇല്ലാതെ ചിത്രീകരിച്ച് വെറും കാഴ്ചയാക്കി മാറ്റിക്കളഞ്ഞു.
പാട്ടുകളാണ് പിന്നെയും മികച്ച് നിന്നത്. ഓരോ പാട്ടും സംഗീതം കൊണ്ടും ദൃശ്യങ്ങള്‍ കൊണ്ടും രസമുള്ളതായി. പശ്ചാത്തല സംഗീതത്തിനൊത്ത് സിനിമയുടെ മൊത്തം വൈകാരികതയ്ക്ക് ഉയരാനാവാത്തത് സംഗീതത്തെയും ചിത്രത്തെയും വേറിട്ട് നിര്‍ത്തിയിരിക്കുകയാണ്.
മികച്ച സാങ്കേതികത്തികവിലുള്ള ഒരു ശരാശരി ചലച്ചിത്രാനുഭവമാണ് പൊന്നിയിന്‍ സെല്വമെന്നാണ് ഒറ്റവാക്കില്‍ പറയാനുള്ളത്.
വിവേക് വയനാട്