കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

Kerala

ചെന്നൈ: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. മൃതദഹേം നാളെ കണ്ണൂരിലെത്തിക്കും.

ഈ വര്‍ഷം കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ തുടര്‍ച്ചയായി മൂന്നാംതവണയും സിപിഎം സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. തലശ്ശേരിയില്‍ നിന്ന് അഞ്ചുതവണ നിയമസഭയിലെത്തിയ അദ്ദേഹം, 2001ലും 2011ലും നിയനസഭയില്‍ പ്രതിപക്ഷ ഉപനേതാവായും പ്രവര്‍ത്തിച്ചു.

സിപിഎമ്മിന്റെ സമ്മുന്നത നേതാവാണ് വിട പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ സൗമ്യ മുഖമായി വിശേഷിപ്പിക്കപ്പെടുന്ന കോടിയേരി, വിഎസ് മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു.

കണ്ണൂര്‍ കല്ലറ തലായി എല്‍പി സ്‌കൂള്‍ അദ്ധ്യാപകന്‍ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953ല്‍ ജനനം. കോടിയേരിയിലെ ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മാഹി മഹാത്മാഗാന്ധി ഗവണ്‍മെന്റ് കോളജില്‍ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കി.

കെഎസ്ഫിലൂടെയാണ് പൊതു പ്രവര്‍ത്തന രംഗത്തെത്തുന്നത്. 1970ല്‍ സിപിഎം ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ, അടിയന്തരവാസ്ഥ കാലത്ത് പതിനാറുമാസം ജയില്‍ വാസം അനുവഭിച്ചു.

1990 മുതല്‍ 1995വരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2008ല്‍ കോയമ്പത്തൂരില്‍ വെച്ചു നടന്ന പാര്‍ടി കോണ്‍ഗ്രസിലാണ് അദ്ദേഹം സിപിഎം പൊളിറ്റ് ബ്യൂറോ മെമ്പറായത്. 2015ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാനസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2018ല്‍ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. 2020ല്‍ കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹം വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

സിപിഎം നേതാവും തലശേരി മുന്‍ എംഎല്‍എയുമായ എം.വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റര്‍ ജീവനക്കാരിയുമായ എസ്ആര്‍ വിനോദിനിയാണ് ഭാര്യ. ബിനോയ്, ബിനീഷ് എന്നിവരാണ് മക്കള്‍. മരുമക്കള്‍: ഡോ. അഖില, റിനീറ്റ.

Leave a Reply

Your email address will not be published. Required fields are marked *