പനവല്ലി: കർഷക ദിനത്തോടനുബന്ധിച്ചു രണ്ടു പത്തിട്ടാണ്ടിലേറേയായി ജൈവകൃഷി രംഗത്ത് പ്രവർത്തിക്കുന്ന തണൽ എന്ന പരിസ്ഥിതി സംഘടന പനവല്ലിയിൽ പ്രവർത്തിക്കുന്ന അഗ്രോ ഇക്കോളജി സെന്ററിൽ ചിങ്ങം ഒന്നിന് കമ്പളനാട്ടി ഉൽസവം നടത്തി. വയനാട്ടിലെ ആദിവാസികളുടെ പൈതൃകമായ കാർഷിക ഉത്സവമാണ് കമ്പള നാട്ടി. ഈ ഉൽസവത്തിൽ എല്ലാവരും പാട്ടും നൃത്തവുമായി കൂട്ടത്തോടെ ഞാറു നടീലിൽ പങ്കെടുക്കുന്നു. അതിന്റെ പ്രതീകമായാണ് തണൽ ഇക്കുറി കമ്പളനാട്ടി ഉത്സവം നടത്തിയത്. വലിയ ചെന്നെല്ല്, മുള്ളൻകഴമ, ഗന്ധകശാല തുടങ്ങിയ ഇടത്തരം മൂപ്പുള്ള വയനാടൻ നെല്ലിനങ്ങളാണ് നാട്ടിയത്. 100ൽ പരം ആളുകൾ ഇതിൽ പങ്കെടുക്കുകയുണ്ടായി.
കേരളത്തിന്റെ ജൈവ കാർഷിക സംസ്‌കാരം പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ഉദേശ്യത്തോടെനടത്തിയ നാട്ടി ഉത്സവത്തിൽ പനവല്ലി എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരോടൊപ്പം പങ്കെടുത്തു. “വയനാടിന്റെ പരമ്പരാഗതമായ കൃഷി ഉൽസവമായിട്ടുപോലും മിക്ക കുട്ടികളും ഇത് കണ്ടിട്ട് പോലുമില്ല. വയനാടിന്റെ പാരമ്പര്യവും കാർഷികവൃത്തിയും മുന്നോട്ട് കൊണ്ട് പോകേണ്ടത് അടുത്ത തലമുറയാണ്. അത് കൊണ്ടാണ് കൃഷിയെ പറ്റിയുള്ള അറിവ് നേടാനും അതിൽ താൽപ്പര്യം ഉണ്ടാകാനുമായി വിദ്യാർത്ഥികളെ കമ്പള നാട്ടി കാണുന്നതിനായി സൗകര്യം ഒരുക്കിയതെന്നു പ്രധാന അദ്ധ്യാപിക സുജാത പറഞ്ഞു.