തിരുവനന്തപുരം: മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിക്കുന്നുവെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. പരാതിക്കാരിയുടെ മൊബൈൽഫോൺ വിശദമായ പരിശോധിച്ചതിൽ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ, ഏതോ ഒരു വിശേഷ ചടങ്ങിനോടനുബന്ധിച്ച് സഹപ്രവർത്തകരോടൊപ്പം എടുത്ത ഫോട്ടോയാണ് വാട്സ് ആപ്പിൽ പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി.
ഓഫീസിലെ വിശേഷ ദിവസത്തോടനുബന്ധിച്ച് എടുത്ത ഫോട്ടോ ആയതിനാൽ വിവിധ ഗ്രൂപ്പുകളിലും ഫോട്ടോകൾ ഷെയർ ചെയ്തിരുന്നു. സഹപ്രവർത്തകനായ ഒരു യുവാവും ചിത്രത്തിൽ ഉണ്ടായിരുന്നു. സംശയം തോന്നിയതിനാൽ ഫോട്ടോയിൽ കാണപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി. അയാളുടെ മൊബൈൽ ഫോണും പരിശോധനക്ക് വിധേയമാക്കി. ഇത്തരത്തിൽ, ഒരു ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കത്തക്കതായ യാതൊരു കാരണവും തനിക്കില്ലെന്നും അയാൾ വ്യക്തമാക്കി. തുടർന്ന് പൊലീസ് ഇരുവരുടേയും മൊബൈൽ ഫോണുകൾ വീണ്ടും വിശദമായി പരിശോധിച്ചു.
അപ്പോഴാണ് യുവാവിന്റെ മൊബൈൽ ഫോണിൽ ഒരു ഇൻസ്റ്റന്റ് ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പണത്തിന്റെ അത്യാവശ്യം വന്നപ്പോൾ ലോൺ ആപ്പ് വഴി രണ്ടു പ്രാവശ്യമായി പതിനായിരം രൂപ വായ്പ എടുത്തിരുന്നു. പലിശ സഹിതം ഇരട്ടിയോളം തുക തിരിച്ചടച്ചു. ലോൺ ആപ്പ് കമ്പനിക്കാർ പണം ലഭിച്ചില്ലെന്നും, വീണ്ടും വീണ്ടും തുക അടക്കണമെന്നും ആവശ്യപ്പെട്ടതായുള്ള വിവരം ഇതോടെ ലഭിച്ചു.
അയാൾ കണക്കു സഹിതം സമർത്ഥിച്ചിട്ടും ലോൺ ആപ്പുകാർ വേറെ വേറെ മൊബൈൽ നമ്പറുകളിൽ നിന്നും ഭീഷണി തുടരുകയായിരുന്നു. നാണക്കേട് ഭയന്നാണ് യുവാവ് സംഭവിച്ചതൊന്നും പുറത്തു പറയാതിരുന്നത്. യുവാവിന്റെ ഫോണിലേക്ക് ലോൺ ആപ്പ് കമ്പനിക്കാർ അയച്ച മോർഫ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഭീഷണി സന്ദേശങ്ങൾ പൊലീസുദ്യോഗസ്ഥർരുടെ ശ്രദ്ധയിൽപ്പെട്ടു. യുവതിയുടെ ഫോട്ടോ മോർഫ് ചെയ്തത് ലോൺ ആപ്പ് കമ്പനിക്കാർ തന്നെയായിരിക്കാമെന്ന് പരാതിക്കാരിയെയും യുവാവിനെയും പറഞ്ഞു മനസിലാക്കിയെന്നും പൊലീസ് അറിയിച്ചു.