കൊച്ചിയില്‍ വഴി യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ച സംഭവം; 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

കൊച്ചി: കൊച്ചി ചിലവന്നൂരിൽ കാർ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പൻ എന്നയാളാണ് ടാർ ഒഴിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊച്ചി കോർപ്പറേഷന് കീഴിലുള്ള ചിലവന്നൂർ റോഡിൽ ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. മുന്നറിയിപ്പ് ബോർഡില്ലാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തപ്പോൾ  ടാറിംഗ് തൊഴിലാളി ആക്രമിച്ചെന്നായിരുന്നു യുവാക്കളുടെ പരാതി. ചിലവന്നൂർ റോഡിൽ കുഴി അടക്കുന്ന ജോലിക്കാരനാണ് തിളച്ച ടാർ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂന്ന് യുവാക്കളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദ് വർഗീസ്, വിനു, ജിജോ എന്നിവർക്കാണ് പൊള്ളലേറ്റത്. 

റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കാറിലെത്തിയ യാത്രക്കാർ തങ്ങളെ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടു. ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട  മുന്നറിയിപ്പ് ബോർഡ് ഒന്നും ഇല്ലാത്തതിനാലാണ് കാർ കടന്നുവന്നതെന്നും യുവാക്കള്‍ അറ്റകുറ്റപ്പണിക്കാരോട് പറഞ്ഞു. എന്നാൽ ടാറിംഗ് തൊഴിലാളി എതിർത്തു. ഇതോടെ വാക്കേറ്റമായി. ഇതിനിടെയിലാണ് തിളച്ച ടാർ ദേഹത്ത് ഒഴിച്ചതെന്നാണ് യുവാക്കളുടെ പരാതി.

ഗുരുതരമായി പൊള്ളലേറ്റ  വിനോദ് വർ‍ഗീസ്, സഹോദരൻ വിനു, സുഹൃത്ത് ജിജോ എന്നിവരെ നാട്ടുകാർ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ വിനോദ് വർഗീസ് ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്‍റാണ്. അതേസമയം, ടാറിംഗ് തൊഴിലാളിയെ കാർ യാത്രക്കാർ ആക്രമിച്ചെന്നും ഇതിനിടെ കൈയ്യിലുള്ള ടാറിംഗ് പാത്രം തട്ടിതെറിച്ചപ്പോഴാണ് ദേഹത്ത് പതിച്ചതെന്നാണ് കരാർ കമ്പനി പറയുന്നത്. സംഭവത്തിൽ കേസെടുത്ത തേവര പൊലീസ് എട്ട് പേരെ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *