ഒക്ടോബര്‍ ഒന്നുമുതല്‍ ആദായനികുതിദായകര്‍ക്ക് ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല; വിശദാംശങ്ങള്‍

National

ന്യൂഡല്‍ഹി: ആദായ നികുതിദായകര്‍ക്ക് അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രധനമന്ത്രാലയത്തിന്റെ ഉത്തരവ് ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.

ഒക്ടോബര്‍ ഒന്നുമുതല്‍ ആദായനികുതി ദായകര്‍ അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ യോഗ്യരല്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഒക്ടോബര്‍ ഒന്നിന് ശേഷം അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ആദായനികുതിദായകന്‍ ചേര്‍ന്നതായി കണ്ടെത്തിയാല്‍ അക്കൗണ്ട് റദ്ദാക്കി അതുവരെയുള്ള പെന്‍ഷന്‍ സമ്പാദ്യം നികുതിദായകന് തിരിച്ചു നല്‍കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലും അടല്‍ പെന്‍ഷന്‍ യോജനയിലുമായി 5.33 കോടി അംഗങ്ങളാണുള്ളത്. ഇവരുടെ നിക്ഷേപമായുള്ള 7,39,393 കോടി രൂപയാണ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി കൈകാര്യം ചെയ്യുന്നത്. അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നവരുടെ എണ്ണം 3.73 കോടിയായാണ് ഉയര്‍ന്നത്.

ഗ്യാരണ്ടി റിട്ടേണ്‍ ലഭിക്കുന്ന പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. 60 വയസ് മുതല്‍ പരമാവധി അയ്യായിരം രൂപ വരെ പ്രതിമാസം പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണിത്. ആയിരം രൂപയാണ് കുറഞ്ഞ പെന്‍ഷന്‍.

Leave a Reply

Your email address will not be published. Required fields are marked *