കുറ്റ്യാടി: കോഴിക്കോട് കൈവേലിയിൽ റോഡരികിൽ ഗുരുതര പരിക്കുകളോടെ രക്തത്തിൽ കുളിച്ച നിലയിൽ യുവാവിനെ ണ്ടെത്തി. വളയം ചുഴലി നീലാണ്ടുമ്മൽ പാറയുള്ളപറമ്പത്ത് വിഷ്ണുവിയാണ് (30) ചമ്പിലോറ റോഡിൽ തലക്ക് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ കണ്ടെത്തിയ ഇയാളെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകട നിലയിൽ നേരിയ മാറ്റം വന്നതായും ഒരു ശസ്ത്രക്രിയ കൂടി വേണ്ടിവരുമെന്ന് ഡോക്ടർ അറിയിച്ചതായും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കുറ്റ്യാടി സി.ഐ ഇ.കെ. ഷിജു പറഞ്ഞു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ ജീവനക്കാരനായ ഇയാളുടെ അമ്മവീട് നരിപ്പറ്റ താവുള്ളകൊല്ലിയിലാണ്. അവിടെയും ഇയാൾ താമസിക്കാറുണ്ടെന്ന് പറയുന്നു. അടുത്ത കാലത്താണ് വിവാഹം കഴിഞ്ഞത്. ആക്രമണത്തിൽ തലക്ക് പരിക്കേറ്റതാവാമെന്നും പുറമെ നിന്ന് കൊണ്ടുവന്ന് തള്ളിയതാവാം എന്നൊക്കെ നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.
വീണു കിടന്ന സ്ഥലത്ത് ഏതാനും മീറ്റർ അകലെയായി ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ടാർ റോഡിൽ രക്തത്തിൻ്റെ പാടുകളുണ്ട്. പരിക്കേറ്റയാൾ മഴക്കോട്ട് ധരിച്ച നിലയിലായിരുന്നു. ഒരു ബൈക്ക് യാത്രക്കാരനാണ് സംഭവം ആദ്യം കാണുന്നത്. തുടർന്ന് കുറ്റ്യാടി പൊലീസിൽ വിവരം നൽകുകയായിരുന്നു. എന്നാൽ പരിക്കേൽപ്പിച്ചതാണോ അപകടമാണോ എന്ന കാര്യം കൂടുതൽ അന്വേഷണത്തിന് ശേഷമല്ലാതെ പറയാനാവില്ലെന്ന് സി.ഐ പറഞ്ഞു.