പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവ്. നിലവിലെ കുറ്റപത്രം തള്ളിയാണ് പാലക്കാട് പോക്സോ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ പുതിയ ഉത്തരവ്. കേസിൽ സി.ബി.ഐ തന്നെ പുനരന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയുടേയും കുറ്റപത്രത്തിൽ പറയുന്നത്. തന്റെ മക്കളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പെൺകുട്ടികളുടെ അമ്മയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇവർ ഹൈകോടതിയിൽ ഹരജി നൽകുകയും ചെയ്തിരുന്നു.
ആദ്യ പെൺകുട്ടിയുടെ മരണത്തിൽ വാളയാർ പാമ്പാംപള്ളം സ്വദേശി വലിയ മധു എന്ന വി. മധു (31), ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം സ്വദേശി ഷിബു (48), അട്ടപ്പള്ളം വള്ളിക്കാട് വീട്ടിൽ എം. മധു എന്ന കുട്ടിമധു (28) എന്നിവർ പ്രതികളാണെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും, സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്. ബലാത്സംഗം, പോക്സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം. ഷിബുവെന്ന പ്രതിക്കെതിരെ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമവും ചുമത്തിയിരുന്നു.
13കാരിയെ 2017 ജനുവരി 13നും ഒമ്പതുവയസ്സുള്ള സഹോദരിയെ മാർച്ച് നാലിനുമാണ് വാളയാർ അട്ടപ്പള്ളത്തെ കുടുംബം താമസിച്ച ഷെഡിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. 13കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.