കൊച്ചി: ആത്മഹത്യാ പ്രേരണകേസില്‍ റിഫ മെഹ്നുവിന്‍റെ ഭര്‍ത്താവ് മെഹ്നാസ് മൊയ്ദുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജമ്യാപേക്ഷ തള്ളിയത്. റിഫയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
മാര്‍ച്ച് മാസം ഒന്നിനാണ് ദുബായിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ റിഫയെ കണ്ടെത്തുന്നത്. ജനുവരിയിലായിരുന്നു റിഫ ദുബായിലെത്തുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്തെങ്കിലും ബന്ധുക്കളുടെ പരാതിയില്‍ പിന്നീട് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. തൂങ്ങി മരണമാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
മെഹ്നാസിന്‍റെ പീഡനമാണ് റിഫയെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ പൊലീസ് മെഹ്നാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസിന്‍റെ അന്വേഷണത്തിനിടയിലാണ് റിഫയ്ക്ക് പ്രായപൂര്‍ത്തിയാവും മുന്‍പാണ് അവരെ മെഹ്നാസ് വിവാഹം ചെയ്തതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മെഹ്നാസിനെ പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റു ചെയ്തിരുന്നു