കല്‍പ്പറ്റയിലെ അജൈവ മാലിന്യ സംസ്‌കരണ രംഗത്ത് മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം. മാലിന്യപരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷന്റെ ക്യുആര്‍ കോഡ് ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.അജിത അദ്ധ്യക്ഷത വഹിച്ചു. ഹരിത മിത്രം വീടുകളിലും സ്ഥാപനങ്ങളിലും നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപല്‍്പന ചെയ്തിട്ടുള്ള ക്യുആര്‍ കോഡ് നഗരസഭയിലെ എമിലി ആറാം വാര്‍ഡിലെ എം.പി അഹമ്മദ് കുട്ടിയുടെ വീട്ടില്‍ പതിപ്പിച്ചു. ഹരിത കര്‍മ്മസേന അംഗം ഹരിത മിത്രം ആപ്ലിക്കേഷനെ കുറിച്ച് വീട്ടുകാരോട് വിശദീകരിച്ചു. കല്‍പ്പറ്റ നഗരസഭ, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ക്ലീന്‍ കല്‍പ്പറ്റ പദ്ധതിയുടെ ഭാഗമായാണ് ഹരിത മിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പാക്കുന്നത്.
മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴി നിരീക്ഷിക്കുന്ന സംവിധാനമാണ് ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം മൊബൈല്‍ ആപ്ലിക്കേഷന്‍. ആപ്ലിക്കേഷന്‍ വഴി നഗരസഭാ പരിധിയിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യത്തിന്റെ അളവ്, ഹരിത കര്‍മ്മ സേന വഴി ലഭിക്കുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍, യൂസര്‍ ഫീ വിശദാംശങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യാനാകും.
ചടങ്ങില്‍ കെല്‍ട്രോണ്‍ പ്രൊജക്ട് ഡിസ്ട്രിക്ട് എന്‍ജിനീയര്‍ സുജൈ കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ എ.പി മുസ്തഫ, ടി. ജെ ഐസക്, ജൈന ജോയ്, ഒ.സരോജിനി, സി.കെ ശിവരാമന്‍, കൗണ്‍സിലര്‍മാരായ ആയിഷാ പള്ളിയാള്‍, ടി. മണി, ഡി.രാജന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ വി.കെ ശ്രീലത, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, നഗരസഭാ സെക്രട്ടറി കെ.ജി രവീന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭയിലെ ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.