ക്യൂബയിലെ മന്‍റാന്‍സസിലെ (Matanzas) പ്രധാന എണ്ണ ടെർമിനലിൽ മൂന്നാമത്തെ ക്രൂഡ് ടാങ്കും തീപിടിച്ച് തകർന്നു. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ക്യൂബ രാജ്യത്തെ ഏറ്റവും വലിയ എണ്ണ വ്യവസായ അപകടത്തെ നേരിടുന്നത്. രണ്ട് ദിവസം മുമ്പാണ് എണ്ണ ടെര്‍മിനലുകളില്‍ തീപടര്‍ന്നത്. രണ്ടാമത്തെ ടാങ്കിലുണ്ടായ എണ്ണ ചോർച്ച തീ പിടിത്തത്തില്‍ കലാശിക്കുകയായിരുന്നു. മെക്‌സിക്കോ, വെനസ്വേല എന്നിവിടങ്ങളിൽ നിന്ന് സാങ്കേതിക സഹായം ലഭിച്ചതിനെത്തുടർന്ന് എണ്ണ ടെര്‍മിനലുകളിലെ തീ നിയന്ത്രിക്കുന്നതില്‍ ക്യൂബ പുരോഗതി കൈവരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതിനിടെ ഞായറാഴ്ച രണ്ടാമത്തെ ടാങ്കിൽ നിന്നും വീണ്ടും തീ ഉയര്‍ന്നു. ശക്തമായ തീയില്‍ രണ്ടാമത്തെ ടെര്‍മിനല്‍ തകര്‍ന്ന് വീണെന്ന് മന്‍റാന്‍സസ് പ്രവിശ്യയുടെ ഗവർണർ മരിയോ സബൈൻസ് പറഞ്ഞു. തലസ്ഥാനമായ ഹവാനയിൽ നിന്ന് മന്‍റാന്‍സസിലേക്ക് 130 കിലോമീറ്റർ ദൂരമാണുള്ളത്. നാലാമത്തെ ടാങ്ക് അപകടാവസ്ഥയിലാണെങ്കിലും ഇതുവരെ തീപിടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ക്രൂഡ് ഓയിലും ഇന്ധന ഇറക്കുമതിയും ചെയ്യുന്ന ക്യൂബയിലെ ഏറ്റവും വലിയ തുറമുഖമാണ് മന്‍റാന്‍സസ് (Matanzas). ക്യൂബൻ ഹെവി ക്രൂഡും അതുപോലെ മന്‍റാന്‍സസില്‍ സംഭരിച്ചിരിക്കുന്ന ഇന്ധന എണ്ണയും ഡീസലും പ്രധാനമായും ദ്വീപിലെ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.
ഒരു ടാങ്കിൽ നിന്ന് അടുത്തതിലേക്ക് പോകുന്ന ഒരു “ഒളിമ്പിക് ടോർച്ച്” പോലെയാണ് മന്‍റാന്‍സസിനെ ടാര്‍മിനലുകളില്‍ തീ പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാങ്കുകള്‍ ഓരോന്നും ഒരു ദ്രാവകങ്ങള്‍ തിളപ്പിക്കുന്ന വലിയ പാത്രങ്ങളെ പോലെയായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ മൂന്ന് ടാങ്കുകളെയും മൂടി പുകയും തീയും ഉയരുകയാണ്. അനിയന്ത്രതമായി ഉയരുന്ന തീജ്വാലകളും കറുത്ത പുകയും സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നത് സങ്കീർണ്ണമാക്കുന്നു.
.ശനിയാഴ്ച ആദ്യമായി രണ്ടാമത്തെ ടാങ്കില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെ ഒരു അഗ്നിശമന സേനാംഗം മരിക്കുകയും 16 പേരെ കാണാതാവുകയും ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്. ക്യൂബന്‍ സര്‍ക്കാറിന്‍റെ ഔദ്ധ്യോഗിക ടെലിവിഷന്‍ ചാനല്‍ ശനിയാഴ്ച മുതല്‍ തീപിടിത്തം തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്‍റെ ഊര്‍ജ്ജ, സാമ്പത്തിക മേഖലയെ ഏറെ ബാധിക്കാന്‍ സാധ്യതയുള്ള അപകടമാണിത്.
കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ക്യൂബ, കൊവിഡ് കാലം മുതല്‍ വന്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇതിനിടെ ഇത്രയും വലിയൊരു അപകടം രാജ്യത്ത് സംഭവിച്ചതോടെ പ്രതിസന്ധി കനത്തു. പാചകവാതക ക്ഷാമം, ഭക്ഷ്യക്ഷാമം തുടങ്ങി രാജ്യം പല വിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്. അതിനിടെയാണ് ഈ സംഭവവും.