വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആശ്വാസം; ഈ വ്യവസ്ഥ ഉടന്‍ നീക്കിയേക്കും

National

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകളില്‍ ഇളവ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഈ വ്യവസ്ഥ എടുത്തുകളയാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലാണ് യാത്രക്കാര്‍ക്കായി ഈ നിബന്ധന കൊണ്ടുവന്നത്. നിലവില്‍ വ്യാപനം കുറവാണ്. എയര്‍ സുവിധ പോര്‍ട്ടലില്‍ ഇടയ്ക്കിടെ സാങ്കേതിക തകരാര്‍ ഉണ്ടാവുന്നത് കൊണ്ട് പ്രവാസികള്‍ അടക്കം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാനും അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പ്രയാസം നേരിടുന്നതായാണ് മുഖ്യമായുള്ള പരാതി. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇളവിനായി നടപടി ആരംഭിച്ചത്.

വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം ആരോഗ്യമന്ത്രാലയത്തിന്റെ അഭിപ്രായം തേടി. ഇതില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *