മലയോര മേഖലയിലേയും ആദിവാസി വിഭാഗത്തിന്റെയും ഭൂവിഷയങ്ങള്‍ പ്രത്യേക കേസായി പരിഗണിച്ച് പരിഹാരം കാണാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പുതുതായി നിര്‍മ്മിച്ച ചീരാല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം സംസ്ഥാനത്തെ അഞ്ച് ജില്ലകളെ ഇക്കാര്യത്തില്‍ പരിഗണിക്കുമ്പോള്‍ വയനാടിന് മുന്തിയ പരിഗണനയുണ്ടാകും. വയനാട് കോളനൈസേഷന്‍ സ്‌ക്കീം (ഡബ്യൂ.സി.എസ്) പട്ടയ വിഷയങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ റവന്യൂ സെക്രട്ടറിയേറ്റ് കൂടി നടപടിയെടുക്കും.
ജില്ലയിലെ സങ്കീര്‍ണമായ പല ഭൂപ്രശ്നങ്ങളിലും ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ശ്രമകരമായ ദൗത്യമാണ് റവന്യൂ വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്നത്. 2021 -22 ല്‍ 54535 പേര്‍ക്കാണ് സംസ്ഥാനത്ത് പട്ടയം നല്‍കിയത്. വയനാട് ജില്ലയില്‍ മാത്രം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് രണ്ടായിരത്തിലേറെ പട്ടയങ്ങള്‍ വിതരണം ചെയ്തത് ചരിത്രനേട്ടം കൈവരിക്കാന്‍ കഴിഞ്ഞു.
ഭൂമി കൈവശം വെച്ചവര്‍ക്ക് രേഖയുണ്ടാക്കി നല്‍കുന്നതിലപ്പുറം ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുളള പ്രവര്‍ത്തനമാണ് നടത്തുന്നത്. എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഒരു തുണ്ട് ഭൂമിപ്പോലും ചൂണ്ടിക്കാണിക്കാനില്ലാത്ത മൂപ്പൈനാടിലെ 72 കുടുംബങ്ങളെ പത്ത് സെന്റ് ഭൂമിയുടെ അവകാശികളാക്കിയത്. വില്ലേജ് ഓഫീസുകള്‍ അടക്കമുളള റവന്യൂ കേന്ദ്രങ്ങളെ സ്മാര്‍ട്ടാകുനുളള നടപടികള്‍ പുരോഗമിക്കുകയാണ്. വില്ലേജുകളുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ വിദ്യാലയങ്ങളിലെ പി.ടി.എ സമിതികള്‍ പോലെയും ആശുപത്രികളിലെ മാനേജ്മെന്റ് സമിതി പോലെയും വില്ലേജ് സമിതികള്‍ക്ക് ഇടപെടലുകള്‍ നടത്താന്‍ സാധിക്കണം. ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സമ്ര്ട്ട് വില്ലേജ് ഓഫീസുകള്‍ അടക്കമുളള എല്ലാ വില്ലേജ് ഓപീസുകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിനുളള നടപടികള്‍ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ ആരംഭിച്ച എ.ബി.സി.ഡി പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, എ.ഡി.എം എന്‍.ഐ ഷാജു, സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, ജില്ലാ പഞ്ചായത്തംഗം അമല്‍ ജോയി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്.