ഈ നേട്ടത്തിന് ഇരട്ടി മധുരം; മകന് പഠിക്കാൻ കൂട്ടിരുന്നു, അമ്മയും മകനും ഒരുമിച്ച് സർക്കാർ സർവീസിലേക്ക്

Kerala

പരിശ്രമവും സ്വപ്നങ്ങളും കൊണ്ടെത്തിക്കാത്ത ഉയരങ്ങൾ ഉണ്ടോ? അതിന് ഒരുപക്ഷെ പ്രായമോ സാഹചര്യങ്ങളോ തടസമായെന്ന് വരില്ല. ഇന്ന് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് ഒരമ്മയും മകനുമാണ്. മകന് പഠിക്കാൻ കൂട്ടിരുന്ന് സർക്കാർ സർവീസിൽ മകനൊപ്പം കയറിയ ഒരമ്മ. തന്റെ 42-ാം വയസില്‍ മലപ്പുറം ജില്ല ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ 92-ാമതെത്തിയിരിക്കുകയാണ് ബിന്ദു. ഈ തിളക്കത്തോടൊപ്പം സര്‍ക്കാര്‍ സര്‍വീസിലേക്ക് മകനൊപ്പം എന്ന അപൂര്‍വനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇവർ.

മലപ്പുറം ജില്ലാ എല്‍.ഡി.സി. റാങ്ക് ലിസ്റ്റില്‍ 38-ാം റാങ്ക് ആണ് മകൻ വിവേക് നേടിയിരിക്കുന്നത്. അങ്കണവാടി അധ്യാപികയായിരുന്നു ബിന്ദു. അരീക്കോട് മാതക്കോട് അംഗന്‍വാടി അധ്യാപികയായ ബിന്ദു മികച്ച അങ്കണവാടി അധ്യാപികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. പതിനൊന്ന് വർഷമായി അധ്യാപികയായി ജോലി ചെയ്യുന്നു. ഇവർക്ക് പങ്കുവെക്കാനുള്ളത് കൈവിടാത്ത പ്രതീക്ഷയുടെയും കഠിനാധ്വാനത്തിന്റെയും കഥയാണ്.

വിവാഹവും മറ്റു ജീവിത സാഹചര്യങ്ങളും കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന ബിന്ദു പഠനം പിന്നീട് തുടരുന്നത് മുപ്പതാം വയസിലാണ്. അങ്ങനെ തന്റെ 42-ാം വയസില്‍ ബിന്ദു സർക്കാർ ജോലി സ്വന്തമാക്കിയിരിക്കുകയാണ് ഈ അമ്മ. 24-ാം വയസിൽ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം മകൻ വിവേകും സ്വന്തമാക്കി. അമ്മയാണ് വിവേകിനെ പി.എസ്.സി. ക്ലാസില്‍ ചേര്‍ത്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് ക്ലാസിൽ പോകുന്നത്. ഞായറാഴ്ചയാണ് ക്ലാസിലും ബാക്കി ദിവസം ബിന്ദു അങ്കണവാടിയിലും പോകും.

Leave a Reply

Your email address will not be published. Required fields are marked *