സമുദ്ര നിരീക്ഷണ ദൗത്യം പൂര്‍ത്തിയാക്കി അഞ്ചു വനിതകള്‍; ചരിത്രം കുറിച്ച് ഇന്ത്യന്‍ നാവിക സേന

National

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ നേട്ടങ്ങളിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി പതിച്ചിരിക്കുകയാണ് അഞ്ചു വനിതകള്‍. വടക്കന്‍ അറബിക്കടലിലൂടെ ഡോര്‍നിയര്‍ 228 എയര്‍ക്രാഫ്റ്റില്‍ സമുദ്ര നിരീക്ഷണ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയാണ് വനിതകള്‍ ചരിത്രം കുറിച്ചത്.  ഇന്ത്യന്‍ നാവികസേനയുടെ സമുദ്ര നിരീക്ഷണദൗത്യം പൂര്‍ത്തിയാക്കിയ ആദ്യ വനിതാ സംഘമെന്ന നേട്ടവും ഇവര്‍ക്ക് സ്വന്തം.

ഗുജറാത്തിലെ പോര്‍ബന്ദറിലെ നേവല്‍ എയര്‍ എന്‍ക്ലേവിലുളള ഇന്ത്യന്‍ നാവല്‍ എയര്‍ സ്‌ക്വാഡ്രോണ്‍ 314(I.N.A.S 314) ലെ അംഗങ്ങളാണ് ഇവര്‍ അഞ്ചുപേരും. വിമാനത്തിന്റെ ക്യാപ്റ്റന്‍ ലഫ്. കമാന്‍ഡര്‍ ആഞ്ചല്‍ ശര്‍മയായിരുന്നു.  പൈലറ്റുമാരായി ലെഫ്റ്റനന്റ് ശിവാങ്കി,ലെഫ്റ്റനന്റ് അപൂര്‍വ ഗീതെ എന്നിവരും ടാക്റ്റിക്കല്‍- സെന്‍സറിങ് ഓഫീസര്‍മാരായി ലെഫ്റ്റനന്റ് പൂജ പാണ്ഡെയും സബ്.ലെഫ്റ്റനന്റ് പൂജ ശെഖാവത്തും സംഘത്തിലുണ്ടായിരുന്നു.

‘നാവികസേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങളുളള സ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നതിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഈ അപൂര്‍വ ദൗത്യം  പ്രചോദനമാകുമെന്നും’ നാവിക സേനയുടെ വക്താവ് കമാന്‍ഡര്‍ വിവേക് മെദ്വാല്‍ പറഞ്ഞു. വനിതകള്‍ മാത്രമുള്ള ഒരു സംഘം സമുദ്ര നിരീക്ഷണ വിമാനത്തില്‍ ഇത്തരമൊരു സ്വതന്ത്ര ദൗത്യം നടത്തിയെന്നുള്ളത് സേനക്ക് വലിയൊരു നേട്ടമാണ്. വനിതാശക്തി എന്ന വാക്കിനെ അര്‍ത്ഥവത്താക്കുന്നിന്റെ തെളിവാണ് ഈ ദൗത്യമെന്നും കമാന്‍ഡര്‍ മെദ്വാല്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സായുധസേനയില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ മുന്‍പന്തിയിലാണ് നാവികസേന. രണ്ടോ അതിലധികമോ വിമാനങ്ങളും അവ പറത്താന്‍ ആവശ്യമായ ഉദ്യോഗസ്ഥരും അടങ്ങുന്ന ഐഎന്‍എഎസ് 314 എന്ന യൂണിറ്റിന്റെ ഭാഗമായാണ് അഞ്ചംഗ സംഘം അത്യാധുനിക ഡോര്‍നിയര്‍ സമുദ്ര നിരീക്ഷണ വിമാനം പറത്തിയത്.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നേരത്തെതന്നെ വനിത പൈലറ്റുമാരെ കൂടുതല്‍ ഉള്‍പ്പെടുത്താനും ഹെലികോപ്ര്‍ സ്ട്രീമിലേയ്ക്ക് വനിത എയര്‍ ഓപറേഷന്‍ ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.  2018ല്‍ വനിതകള്‍ മാത്രമുള്ള സംഘം കപ്പലില്‍ ലോകം ചുറ്റുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *