2019ൽ തിയറ്ററുകളിൽ എത്തി ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്കിടയിൽ വലിയ ചര്‍ച്ചയായ ഹോളിവുഡ് സിനിമയാണ് ജോക്കര്‍(Joker). ആഗോള ബോക്സ് ഓഫീസുകളിൽ നിന്നായി ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വിവരം കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വിവരമാണ് പുറത്തുവരുന്നത്.
ജോക്കർ: ഫോളി എ ഡ്യൂക്സ്(Joker: Folie a Deux) എന്നാണ് രണ്ടാം ഭഗത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രം 2024ൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ആ വർഷം ഒക്ടോബർ നാലാം തീയതിയാകും റിലീസ് എന്നാണ് അണിയറ പ്രവർത്തകരെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. ആദ്യഭാഗം പുറത്തിറങ്ങി അഞ്ച് വർഷം തികയുന്ന വേളയിലാണ് രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത്.
ജോക്കറിന്റെ സംവിധായകന് ടോഡ് ഫിലിപ്സും നിര്‍മ്മാതാവ് ബ്രാഡ്ലി കൂപ്പറും തന്നെയാവും പുതിയ ചിത്രങ്ങള്‍ക്ക് പിന്നിലും. വാക്കീന്‍ ഫിനിക്സ് ആണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഓസ്കര് അവാര്‍ഡും നേടിക്കൊടുത്തിരുന്നു.
ജോക്കർ സൂപ്പർ ഹിറ്റായതിനാൽ രണ്ടാം ഭഗത്തിൽ അഭിനയിക്കാൻ വാക്കീന്‍ വൻ തുകയാണ് പ്രതിഫലമായി വാങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 50 മില്യണ്‍ ഡോളര്‍ (367 കോടി രൂപ) ആണ് ജോക്കറിനെ വീണ്ടും അവതരിപ്പിക്കാന്‍ നടന് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ജോക്കർ വലിയ വിജയമാകുന്നതിന് മുമ്പ് തന്നെ തുടർഭാഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ തങ്ങൾ നടത്തിയിരുന്നുവെന്ന് മുൻപ് വാക്കീന്‍ ഫിനിക്സ് ലോസ് ഏഞ്ജലസ് ടൈംസിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജോക്കറിന്റെ ഷൂട്ടിംഗ് ആരംഭിച്ച് രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയില്‍ സംവിധായകനോട് ഒരു സീക്വലിനെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങാമോ എന്ന് ചോദിച്ചിരുന്നു. ഒരുപാട് പര്യവേക്ഷണം നടത്താന്‍ സാധിക്കുന്ന ചിത്രമാണതെന്ന് തോന്നിയിരുന്നു എന്നുമാണ് വാക്കീന്‍ പറഞ്ഞത്.