ഇംഗ്ലണ്ടിന്‍റെ കിളിപാറിച്ച മാസ് അടി; സാക്ഷാല്‍ രോഹിത് ശര്‍മ്മയെ പിന്നിലാക്കി സ്‌മൃതി മധാന

Sports

ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റിലെ തീപ്പൊരി അര്‍ധ സെഞ്ചുറിയുമായി ഇന്ത്യന്‍ ബാറ്റര്‍ സ്‌മൃതി മധാനയ്‌ക്ക് റെക്കോര്‍ഡ്. വെറും 23 പന്തില്‍ അമ്പത് തികച്ച താരം രാജ്യാന്തര ടി20യില്‍ ഇന്ത്യന്‍ വനിതാ താരത്തിന്‍റെ അതിവേഗ ഫിഫ്റ്റിയുടെ തന്‍റെ തന്നെ റെക്കോര്‍ഡ് തകര്‍ത്തു. മറ്റൊരു നേട്ടത്തില്‍ രോഹിത് ശര്‍മ്മയെ മറികടക്കുകയും ചെയ്തു. 

ഒന്നാം സെമിയില്‍ ഇംഗ്ലണ്ട് വനിതകളുടെ എല്ലാ ആത്മവിശ്വാസം തല്ലിക്കെടുത്തി ബാറ്റേന്തുകയായിരുന്നു സ്‌മൃതി . അടി ആദ്യ ഓവറിലെ തുടങ്ങിയപ്പോള്‍ ആകെ 32 പന്തില്‍ 61 റണ്‍സെടുത്ത താരം വെറും 23 പന്തില്‍ ഫിഫ്റ്റിയിലെത്തി. 2019ല്‍ ന്യൂസിലന്‍ഡിനെതിരെ 24 പന്തില്‍ അമ്പത് തികച്ച തന്‍റെ തന്നെ റെക്കോര്‍ഡ് സ്‌മൃതി മറികടന്നു. വനിതാ ടി20യില്‍ ഇന്ത്യന്‍ വനിതകളുടെ വേഗമാര്‍ന്ന മൂന്നാമത്തെ അര്‍ധ സെഞ്ചുറിയും മന്ഥാനയുടെ പേരിലാണ്. 2018ല്‍ ഇംഗ്ലണ്ടിനെതിരെ 25 പന്തില്‍ നേടിയ അമ്പതാണ് മൂന്നാമത്. 

തകര്‍പ്പന്‍ ഫിഫ്റ്റിയോടെ രാജ്യാന്തര ടി20യില്‍ ആദ്യ ആറ് ഓവര്‍ പവര്‍പ്ലേയില്‍ കൂടുതല്‍ വ്യക്തിഗത സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമായി സ്‌മൃതി മാറി. 51 റണ്‍സാണ് ആറ് ഓവറിനിടെ മന്ഥാന പേരിനൊപ്പം ചേര്‍ത്തത്. 50 റണ്‍സ് വീതമുണ്ടായിരുന്ന രോഹിത് ശര്‍മ്മയുടെയും കെ എല്‍ രാഹുലിന്‍റേയും പേരിലായിരുന്നു മുമ്പ് ഈ റെക്കോര്‍ഡ്. 49 റണ്‍സുമായി ഷെഫാലി വര്‍മ്മയാണ് തൊട്ടുപിന്നില്‍. 

കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇംഗ്ലണ്ട് വനിതകള്‍ക്കെതിരെ സ്‌മൃതിയുടെ വെടിക്കെട്ടില്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ പടുത്തിയര്‍ത്തി. എഡ്‌ജ്‌ബാസ്റ്റണില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ മന്ഥാനയുടെ (32 പന്തില്‍ 61) കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. ജമീമ റോഡ്രിഗസ് (31 പന്തില്‍ പുറത്താവാതെ 44) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഫ്രേയ കെംപ് ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *