ക്രിക്കറ്റിനെ ഒളിംപിക്‌ ഇനമാക്കാനുള്ള നീക്കം; നിര്‍ണായക ചുവടുവെപ്പ്

Sports

ലോസാന്‍: 2028ലെ ലോസ് ആഞ്ചെലെസ് ഒളിംപിക്‌സില്‍(2028 Los Angeles Olympics) ക്രിക്കറ്റ് ഇനമാകാനുള്ള നീക്കങ്ങളില്‍ നിര്‍ണായക ചുവടുവെപ്പ്. ഗെയിംസിനായി പരിഗണിക്കാനുള്ള 9 കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ കൂടി രാജ്യാന്തര ഒളിംപിക് കമ്മിറ്റി(International Olympic Committee) ഉള്‍പ്പെടുത്തിയതിനാലാണിത്. അന്തിമ തീരുമാനം 2023 മധ്യത്തോടെ ഇന്ത്യയില്‍ നടക്കുന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ(IOC) യോഗത്തിന് മുന്നോടിയായുണ്ടായേക്കും എന്നും ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. 

ക്രിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ അവതരിപ്പിക്കാന്‍ ഐസിസിയെ ഓദ്യോഗികമായി രാജ്യാന്തര ഒളിംപിക് കമ്മിറ്റി ക്ഷണിച്ചതിന് തൊട്ടുപിന്നാലെയാണ് ഐഒസി ഗെയിമിനെ പട്ടികയിലുള്‍പ്പെടുത്തിയത്. 1900ലെ പാരീസ് ഒളിംപിക്‌സില്‍ മാത്രമാണ് ക്രിക്കറ്റ് ഗെയിംസില്‍ ഇനമായിട്ടുള്ളൂ. ബേസ്‌ബോള്‍/സോഫ്റ്റ്ബോള്‍, ഫ്ലാഗ് ബോള്‍, ലക്രോസ്, ബ്രേക്ക് ഡാന്‍സ്, കരാട്ടെ, കിക്ക്-ബോക്‌സിംഗ്, സ്‌ക്വാഷ്, മോട്ടോര്‍‌സ്‌പോര്‍ട് എന്നിവയാണ് ഒളിംപിക്‌സിനായി പരിഗണിക്കേണ്ട കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ കൂടാതെയുള്ളത്. 

ലോസ് ആഞ്ചെലെസ് ഒളിംപിക്‌സില്‍ 28 കായികയിനങ്ങളാണുണ്ടാവുക എന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു. യുവാക്കളെ പരിഗണിച്ച് കൂടുതല്‍ മത്സരയിനങ്ങളെ പരിഗണിക്കുമെന്നും ഐഒസി വ്യക്തമാക്കിയിരുന്നു. 

ഐഒസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ മാത്രമേ ക്രിക്കറ്റ് അടക്കമുള്ള ഇനങ്ങളെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. താരങ്ങളുടെ സുരക്ഷ, ആതിഥേയ രാജ്യത്തിന്‍റെ താല്‍പര്യം, ആഗോള പ്രസക്‌തി, ലിംഗസമത്വം, കായികയിനത്തിന്‍റെ സുസ്ഥിരത തുടങ്ങിയ ഇതിലുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഏറെക്കാലത്തിന് ശേഷം ഇടംപിടിച്ചിരുന്നു. എട്ട് ടീമുകളുമായി വനിതകളുടെ ടി20 ഫോര്‍മാറ്റിലുള്ള മത്സരങ്ങളാണ് അരങ്ങേറുന്നത്. ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഇടംപിടിച്ചാല്‍ വനിതകളുടെയും പുരുഷന്‍മാരുടേയും മത്സരങ്ങളുണ്ടാവും. 

Leave a Reply

Your email address will not be published. Required fields are marked *