കൊച്ചി: കിഫ്ബി സാമ്പത്തിക ഇടപാടില്‍ മുന്‍മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്. ഈ മാസം 11ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.
കഴിഞ്ഞ മാസം 18ന് ഹാജരാകാന്‍ നേരത്തെ നോട്ടീസ് നല്‍കിയെങ്കിലും അന്ന് മറ്റ് കാരണങ്ങളാല്‍ ഐസക് ഹാജരായിരുന്നില്ല. ഇത് രണ്ടാം തവണയാണ് ഇഡി ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണത്തെ തുടർന്നാണ് കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചത്.
കിഫ്ബിയുടെ ‘മസാല ബോണ്ട്’ നിക്ഷേപ സമാഹരണം വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതായുള്ള ആരോപണത്തിനു തുടക്കമിട്ടത് സിഎജി റിപ്പോർട്ടിലാണ്. റിപ്പോർട്ട് ലഭിച്ചതിനുശേഷം കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തേടി ഇഡി 2020 നവംബർ 20നു റിസർവ് ബാങ്കിനു കത്ത് നൽകിയിരുന്നു.
‘മസാല ബോണ്ട്’ വഴി വിദേശനിക്ഷേപം സ്വീകരിക്കാൻ ശ്രമം തുടങ്ങിയ 2019 മാർച്ച് മുതൽ കിഫ്ബിയുടെ നീക്കങ്ങൾ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു.