അതിതീവ്ര മഴ; 8 ജില്ലകളില്‍ നാളെ അവധി

Kerala

കൊച്ചി: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അതതു ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. എംജി സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും

മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ നടക്കേണ്ട സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം മാറ്റിവച്ചു. വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പ്രവേശനം വിലക്കി കലക്ടര്‍ ഉത്തരവിറക്കി.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പു പ്രകാരം പത്തു ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ശേഷിച്ച ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് തൃശൂരിലെ ഏനാമാക്കലില്‍. 24 സെന്റിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. കൊച്ചി വിമാനത്താവളത്തില്‍ 23 സെന്റിമീറ്റര്‍ മഴയാണ് ഈ സമയം കൊണ്ടു പെയ്തത്.

ഇരുപത്തിനാലു മണിക്കൂറിനിടെ ചാലക്കുടിയില്‍ 21 സെന്‍ിമീറ്ററും ആലുവയില്‍ 18 സെന്റിമീറ്ററും മഴ ലഭിച്ചു. ഈ നാലിടത്താണ് ഇന്നലെ വൈകിട്ടും ഇന്നുമായി അതിതീവ്രമഴ പെയ്തത്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ഏഴു ഡാമുകളില്‍ റെഡ് അലര്‍ട്ട്

നാളെയും സമാനമായ മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടിട്ടുള്ളത്. വ്യാഴാഴ്ച ഏഴു ജില്ലകളിലാണ് റെഡ് അലര്‍ട്ട്. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.

സംസ്ഥാനത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഏഴു ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കിയിലെ പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുണ്ടള, പത്തനംതിട്ടയിലെ മൂഴിയാര്‍, തൃശൂരിലെ പെരിങ്ങല്‍കുത്ത് എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്.

മങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് ഡാം തുറക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നലെ ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്.തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ നാലാം നമ്പര്‍ വാല്‍വ് കൂടി രാവിലെ 4.30 ന് തുറന്നിരുന്നു.തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 250 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഇത് രാവിലെയോടെ 270 സെന്റീമീറ്ററായി ഉയര്‍ത്തി. കൂടാതെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ആകെ 530 സെന്റീമീറ്ററാക്കി ഉയര്‍ത്തിയിട്ടുമുണ്ട്. പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട ഡാമുകളായ കക്കി ആനത്തോട് റിസര്‍വോയറില്‍ ആകെയുള്ള സംഭരണശേഷിയുടെ 65.11 %വും പമ്പ ഡാമിന്റെ 35.81 % വുമാണ് നിലവില്‍ നിറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *