തിരുവനന്തപുരം:സംസ്ഥാനത്ത് ദുരിതം വിതച്ച് ഇന്നും കനത്ത മഴ തുടരും. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട അതി തീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 204 മില്ലിമീറ്ററിലേറെ പെയ്യുന്ന അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. 10 ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍ പൊട്ടലിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ മരിച്ചു.
രാവിലെ 10 മണിക്ക് പുറപ്പെടുവിച്ച കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകലില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഈ ജില്ലകളില്‍ അതി തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ രണ്ടുപേരാണ് മരിച്ചത്. നെടുംപുറം ചാലില്‍ ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയ രണ്ടരവയസ്സുകാരി നുമ തസ്ലീന്‍, വെള്ളറക്കോളനിയിലെ രാജേഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കോട്ടയം കൂട്ടിക്കലില്‍ പുല്ലകയാറ്റില്‍ ഒഴുക്കില്‍പ്പെട്ട റിയാസ് ആണ് മരിച്ച മറ്റൊരാള്‍. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഒമ്പതായി.
കൂട്ടിക്കൽ ടൗണിലെ ചുമട്ടുതൊഴിലാളിയാണ് റിയാസ്. ചപ്പാത്തിനു ഒരു കിലോമീറ്റർ താഴെ മണ്ണിൽ ആഴ്ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ടൗണിനു സമീപം പുല്ലകയാറിൽ റിയാസ് ഒഴുക്കിൽപ്പെട്ടത്. ഉരുൾപൊട്ടലിനെ തുടർന്ന് വെള്ളം കുത്തിയൊലിച്ചുവരുന്ന ശബ്ദംകേട്ടു കുഞ്ഞുമായി വീടിനു പിൻഭാഗത്തേക്ക് വന്നപ്പോൾ അമ്മ നദീറയ്ക്കൊപ്പം നുമ തസ്ലീനും ഒഴുക്കിൽ പെടുകയായിരുന്നു. ഇതിനിടെ നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോയെന്നു നാട്ടുകാർ പറഞ്ഞു.
അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ തെക്കന്‍ ജില്ലകളിലെ നദികളില്‍ കേന്ദ്ര ജലക്കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മണിമലയാര്‍ നിലവില്‍ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താല്‍ വാമനപുരം , കല്ലട, കരമന അച്ചന്‍കോവില്‍ ,പമ്പ നദികളില്‍ പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. വലിയ അണക്കെട്ടുകള്‍ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.